പാലക്കാട് : കൂട്ടുകുടുംബ സ്വത്തിലെ ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ കിഡ്നി രോഗിയായ മകനെ അച്ഛൻ വീടിനു പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.ചിറ്റൂർ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി ഷണ്മുഖദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.അവിവാഹിതനായ പരാതിക്കാരൻ വർഷങ്ങൾക്ക് മുന്പേ കിഡ്നി രോഗ ബാധിതനാണെന്ന് പരാതിയിൽ പറയുന്നു.പരാതിക്കാരന്റെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
രോഗ ചികിത്സക്ക് അച്ഛനിൽ നിന്നും സാന്പത്തിക സഹായം തേടിയെങ്കിലും നൽകാത്തതിനെ തുടർന്ന് ഒരു ബന്ധുവിന്റെ ഒപ്പമാണ് പരാതിക്കാരൻ താമസിക്കുന്നത്.ഓഹരി അവകാശം സിദ്ധിക്കാൻ പരാതിക്കാരൻ നൽകിയ ഹർജി സബ് കോടതിയുടെ പരിഗണനയിലാണുള്ളത്.
ഇക്കഴിഞ്ഞ 25ന് വീട്ടിലെത്തിയ തന്നെ അച്ഛനും അമ്മയും വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന്പരാതിയിൽ പറയുന്നു.തുടർന്ന് ചിറ്റൂർ പോലീസിന്റെ ഇടപെടൽ വഴി വീട്ടിൽ കയറാനായെങ്കിലും 27 മുതൽ താൻ വീടിന്റെ വരാന്തയിലാണ് കഴിയുന്നതെന്ന് പരാതിയിൽ പറയുന്നു. വീടിന് പുറത്താക്കിയതാണ് കാരണം.തനിക്ക് ആഴ്ചതോറും ഡയാലിസിസ് ചെയ്യേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു.