കോഴിക്കോട്: ഇംഗ്ലണ്ടിനെതിരെയുള്ള അണ്ടര്‍ 19 ഇന്ത്യൻ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ റോഹന്‍ കുന്നുമ്മലിനെ ഉള്‍പ്പെടുത്തി. അഞ്ചുമത്സര പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് റോഹനു ടീമിലെത്താന്‍ സഹായകമായത്.
വലംകൈ ഓപ്പണിംഗ് ബാറ്റ്സ്മാനായ റോഹന്‍, കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 464 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ റോഹന്‍ നേടിയത്. വിനു മങ്കാദ് ട്രോഫിക്കായുള്ള ഏകദിന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച റോഹന്‍ വിവിധ മത്സരങ്ങളില്‍ നിന്നായി 269 റണ്‍സ് അടിച്ചുകൂട്ടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്റെ സീനിയര്‍ ടി-20 ടീമിലും റോഹന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ റോഹന്റെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞടുപ്പ് പുതിയ കളിക്കാര്‍ക്കു പ്രചോദനമാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ദേശീയ നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണു റോഹന്റെ ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജ് വിദ്യാർഥിയായ കൊയിലാണ്ടി സ്വദേശി റോഹന്‍, സുശീല്‍ കുന്നുമ്മലിന്റെയും കൃഷ്ണയുടെയും മകനാണ്. അണ്ടര്‍19 ഇന്ത്യന്‍ ടീമിലെത്തുന്ന ആറാമത്തെ കേരള താരമാണു റോഹന്‍ എസ്. കുന്നുമ്മല്‍. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റ് ഗോമസ്, എം. സുരേഷ് കുമാര്‍, റോഹന്‍ പ്രേം, സഞ്ജു സാംസണ് എന്നിവരാണ് ഇതിനു മുമ്പു ടീമിൽ ഇടം നേടിയവർ.