കണ്ണൂർ: കുടിവെള്ള വിതരണ ലോറി ജീവനക്കാരന്റെ ശല്യം സഹിക്കാനാവാതെ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ കൊടൈക്കനാലിൽ ആത്മഹത്യ ചെയ്തു. മുണ്ടയാട്ടെ നാരായണൻ നന്പ്യാർ- ലക്ഷ്മിയമ്മ ദന്പതികളുടെ മകളും മാഹി കാനോത്ത് വീട്ടിൽ എൻ.കെ. ഷാജിന്റെ ഭാര്യയുമായ രോഹിണി നന്പ്യാർ (44) ആണ് മരിച്ചത്.
കൊടൈക്കാനാൽ എം.എം. സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എട്ടു വർഷമായി ഇവർ കൊടൈക്കനാലിൽ വാടകവീടെടുത്തു താമസിക്കുകയായിരുന്നു.
യുവതിയുടെ മരണത്തിന് ഉത്തരവാദിയായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇന്നലെ കൊടൈക്കനാലിൽ റോഡ് ഉപരോധിച്ചിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പിൽ ലോറി ജീവനക്കാരൻ ജയശീലൻ നിരന്തരം ഉപദ്രവിക്കുന്നതായി എഴുതിയിരുന്നു.
ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് എൻ.കെ. ഷാജ് തമിഴ്നാട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. രോഹിണിയുടെ സംസ്കാരം കൊടൈക്കനാലിൽ നടന്നു.താൻ സ്വന്തമായി കണ്ടുപിടിച്ച പേസ്റ്റ്പോലുള്ള ഡിറ്റർജന്റ് വില്പനയിലൂടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തെ ശ്രദ്ധേയനായിരുന്നു.
മക്കൾക്ക് ഏറ്റവും ആധുനികമായ വിദ്യാഭ്യാസം നൽകുന്നതിനായി കുടുംബത്തെ കൊടൈക്കനാലിലേക്ക് താമസിപ്പിക്കുകയായിരുന്നു ഷാജും രോഹിണിയും. അവിടുത്തെ ഏറ്റവും മികച്ച സ്കൂളിലായിരുന്നു മക്കൾക്ക് വിദ്യാഭ്യാസം. എട്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഏവർക്കും അത്ഭുതം തോന്നിക്കുംവിധം മാതൃകാകുടുംബമായിരുന്നു ഇവരുടേത്. മുടിമുറിക്കാതെ നീട്ടിവളർത്തിയിരുന്ന ഷാജും മക്കളും നാട്ടുകാർക്കും കൗതുകമായിരുന്നു.
കുട്ടികൾക്ക് പേരു നൽകുന്നതിൽ പോലും പ്രത്യേകത പുലർത്തിയ ദന്പതികളായിരുന്നു ഷാജും രോഹിണിയും. ദശരഥ് സാഗർനരിമാൻ, ഹിന്ദ്സൂരജ് നരസിംഹൻ, റാംസപ്തേശ്വർ ഋഗ്വേദ്, മയ്യഴി സ്വാതിസൻസ്കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധൻ, ഒക്ടേവിയൻസംവിദ് ഋതധ്യുമ്നൻ, ഋതുസംയൂജ് ഏർലിമാൻ, യാരിയ സംഗീത് നിരഞ്ജൻ എന്നിവരാണ് മക്കൾ.