ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനു സമീപം വനിതാ എസ്ഐയെ സുഹൃത്ത് വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒന്പതോടെയാണ് സംഭവം. രോഹിണി പ്രദേശത്തെ മെട്രോ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സബ് ഇൻസ്പെക്ടർ പ്രീതി അഹ്ലാവത്ത്(26) കൊല്ലപ്പെട്ടത്.
രാത്രി 8.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർക്കു നേരെ സുഹൃത്തായ എസ്ഐ ദീപൻഷു രതി മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ അഹ്ലാവത്ത് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
പോലീസ് എത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപൻഷുവാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ദീപൻഷുവിനെ ഹരിയാനയിലെ സോണിപതിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയി.
കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പോലിസ് സ്റ്റേഷനിലാണ് പ്രീതി അഹ് ലാവത്ത് സേവനമനുഷ്ഠിക്കുന്നത്. ഹരിയാനയിലെ സോനെപട്ടിൽ നിന്നുള്ള പ്രീതി 2018 ബാച്ച് സബ് ഇൻസ്പെക്ടറാണ്.
രോഹിണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ദീപൻഷുവും ഇതേ ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് പ്രീതിയോട് അടുപ്പമുണ്ടായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
എന്നാൽ പ്രീതി ഇത് നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രധാനപ്പെട്ട ഒരു മാനഭംഗക്കേസ് പ്രീതി അന്വേഷിക്കുന്നുണ്ടായിരുന്നു.
ഇതിലെ പ്രതി പലതവണ പ്രീതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാൽ പിന്നീടാണ് ദീപൻഷുവാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.