ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയ്ക്ക് ഒരംഗം. അത്യാവശ്യ ഘട്ടങ്ങളിൽ ബിജെപി അഭിമാന പോരാട്ടത്തിനിറക്കുന്ന ഉണ്ണിയാർച്ചയായ രോഹിണിയാണ് ചരിത്രം തിരുത്തി കുറിച്ചത്.
ഇടതു മുന്നണിയുടെയുടെ ശക്തനായ പോരാളിയും സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ പാരിപ്പള്ളി ശ്രീകുമാറിനെയും യുഡിഎഫിന്റെ സ്ഥാനാർഥിയും കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്തംഗവുമായ സജിവ് സജിഗത്തിൽ എന്നി അങ്ക ചേവകൻമാരെ അങ്കത്തട്ടിൽ അരിഞ്ഞു വീഴ്ത്തിയായിരുന്നു ബിജെപിയുടെ ഉണ്ണിയാർച്ചയുടെ പടയോട്ടം.
ജില്ലയിൽ ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്തിൽ ബിജെപിക്ക് പ്രതിനിധ്യം നേടികൊടുത്തതും രോഹിണിയാണ്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായി ബിജെപിയ്ക്ക് പ്രാതിനിധ്യം നേടിയ രോഹിണിയ്ക്കാണ് ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷവും. 978 വോട്ട് .
2015ൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ മേവനക്കോണം വാർഡിൽ ശക്തരായ എതിരാളികളെ നേരിടാൻ ബിജെപി നിയോഗിച്ചത് ഈമാസ്റ്റർ ബിരുദധാരിണിയെയാണ്.
22-ാം വയസിൽ മികച്ച വിജയം നേടി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ “ബേബി’ യായി. വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ജനങ്ങൾ മികച്ച അംഗീകാരമാണ് നല്കിയത്. മേവനക്കോണം വാർഡിൽ പോൾ ചെയ്ത 1403 വോട്ടിൽ 837 ഉം രോഹിണിയ്ക്കായിരുന്നു.
മീനമ്പലം ഡിവിഷനിൽ മത്സരിച്ച രോഹിണിയ്ക്ക് മറ്റ് ആറ് വാർഡുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മേവനക്കോണത്ത് മാതാപിതാക്കളായ രാജു, സരസ്വതി, മകൾ കാദംബരി എന്നിവരോടൊപ്പം താമസിക്കുന്നു സാധാരണ കുടുംബത്തിൽപ്പെട്ട ഈ ജനപ്രതിനിധി.
മീനമ്പലം ഡിവിഷന്റെയും അതിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തു വാർഡുകളുടെയും വികസനത്തിനായും ജനങ്ങളുടെ ജീവിത പുരോഗതിക്കായും ബ്ലോക്ക് പഞ്ചായത്ത് മുഖേന പരമാവധി ശ്രമിക്കുമെന്ന് രോഹിണി ദീപികയോട് പറഞ്ഞു.
ഡിവിഷനിലെ കോളനികളിലും പൊതു ഇടങ്ങളിലും ജനങ്ങളുടെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും വിജയിപ്പിച്ചതിൽ നന്ദി പ്രകാശനം നടത്തുകയുമാണ് ഈ ജനപ്രതിനിധിയായ മാസ്റ്റർ ബിരുദധാരിണി.