എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: റോഹിൻഗ്യൻ അഭയാർഥികൾ കൂടുതൽ പേർ എത്തിയതായ സംശയത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപക പരിശോധന. സംസ്ഥാന ഇന്റലിജൻസ് /കേന്ദ്ര ഇന്റലിജൻസ് (ഐബി) എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൈക്കുഞ്ഞ് ഉൾപ്പെട്ട അഞ്ചംഗ റോഹിഗ്യൻ അഭയാർഥി കുടുംബത്തെ വിഴിഞ്ഞത്ത് കസ്റ്റഡിയിലെടുത്തിരുന്നു. ഹൈദ്രാബാദിൽ നിന്ന് കഴിഞ്ഞ മാസം 30 ന് രാവിലെയാണ് ശബരി എക്സ്പ്രസിൽ കേരളത്തിലേയ്ക്ക് വന്നത്.
ഈ മാസം 1ന് രാവിലെ എട്ടുമണിയ്ക്ക് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലിറങ്ങിയ സംഘം ഓട്ടോയിൽ വിഴിഞ്ഞത്തേയ്ക്ക് പോകുകയായിരുന്നു. ഇവരിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പേർ കേരളത്തിലേയ്ക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചത്.
കൂടുതൽ പേർ കേരളത്തിലേയ്ക്ക് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇന്റലിജൻസ് വിഭാഗം പ്രത്യേക പരിശോധന ആരംഭിച്ചു. ഇക്കാര്യം റെയിൽ പ്രൊട്ടക്ഷൻ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംശയകരമായി സാഹചര്യത്തിൽ ട്രെയിനുകളിൽ കണ്ടെത്തുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന നിർദ്ദേശമാണ് കൈമാറിയിരിക്കുന്നത്.
വിഴിഞ്ഞത്തു കസ്റ്റഡിയിലെടുത്തവരെ ഇന്റലിജൻസ് ഡിവൈഎസ്പി സുരേഷ് കുമാർ, കേന്ദ്ര ഇന്റലിജൻസ് വിഭാഗം രാജു എന്നിവരടങ്ങുന്ന സംഘം വിശദമായി ചോദ്യം ചെയ്തു. സൈബ്രാബാദിലെ അഭയാർഥി ക്യാന്പിൽ നിന്നാണ് ഇവർ ഒളിച്ചു കടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ജോലി അന്വേഷിച്ചു എത്തിയതാണെന്ന് ഇവർ നൽകിയ വിവരം. ഇവരെ നാളെ പോലീസ് അകന്പടിയോടെ ഇവരെ തലസ്ഥാനത്തു നിന്ന് ട്രെയിൻമാർഗം കയറ്റിവിടും. ഇവരെ ഇവിടെ പിടികൂടിയ വിവരം സൈബ്രാബാദിലെ അഭയാർഥി ക്യാന്പിൽ അറിയിച്ചിട്ടിട്ടുണ്ട്.