കാലടി: സുരക്ഷിതമായ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനു സഹായിക്കുന്ന ഡ്യുവൽ അലെർട്ട് കോളർ എന്ന ഉപകരണവുമായി എടപ്പാൾ സ്വദേശിയായ കെ.രോഹിത്. കാലടി ആദി ശങ്കര എൻജിനീയറിംഗ് കോളജും ശ്രീ ശാരദാ വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ആദി ശങ്കര യംഗ് സയിന്റിസ്റ്റ് മത്സരത്തിൽ പങ്കെടുത്ത പൊന്നാനി എവിഎച്ച്എസ്എസിലെ രോഹിത് അവതരിപ്പിച്ച വ്യത്യസ്തമായ ഉപകരണം.
രണ്ടായിരം രൂപ മാത്രം ചിലവ് വരുന്ന അലെർട്ട് കോളർ വീടിൽ ആളില്ലാത്ത സമയത്ത് തീപിടുത്തമുണ്ടായാൽ കൃത്യമായ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം തീയണക്കാനും സാധിക്കും. ഗ്യാസ് ലീക്കിംഗ് മൂലമോ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റു മാർഗങ്ങളിലോ തീപിടുത്തമുണ്ടായാൽ ഉപകരണത്തിലെ സെൻസർ പ്രവർത്തിക്കും. അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ച് നിശ്ചിത പരിധിയിൽ ചൂട് കൂടിയാൽ മുറികളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസർ ചൂടാകുന്നു.
തുടർന്ന് സെൻസറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണ് വഴി സെറ്റ് ചെയ്ത നന്പറിലുള്ള ഫോണിലേക്കു അലെർട്ട് കോൾ വരുന്നു. കോളിനോടൊപ്പം കണക്ട് ചെയ്ത പൈപ്പ് ലൈൻ വഴി വരുന്ന വെള്ളം മുറിയിൽ സ്പ്രേ സംവിധാനത്തിലൂടെ പന്പ് ചെയ്ത് തീയണക്കുകയും ചെയ്യുന്ന രീതിയിലാണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ നിശ്ചിത ദൂര പരിധിയിൽ കള്ളൻമാർ വന്നാൽ സെൻസറിന്റെ സഹായത്തോടെ തന്നെ ഇതേ ഉപകരണം ഉപയോഗിച്ച് അലെർട്ട് കോൾ ലഭിക്കുമെന്ന ഗുണവും ഇതിനുണ്ട്. അതുകൊണ്ട് തന്നെ രണ്ടു ജോലികൾ ഒരേ ഉപകരണം ഉപയോഗിച്ച് നടക്കുന്നുവെന്നതിനാലാണ് ഇതിനു ഡ്യുവൽ അലെർട്ട് കോളർ എന്ന പേരിട്ടതെന്ന് പ്ലസ് വണ് വിദ്യാർഥിയായ രോഹിത് പറഞ്ഞു.
ഇതിനകം തന്നെ സൗത്ത് ഇന്ത്യയിലെ വിവിധ കോളേജുകളിൽ നടന്ന സയൻസ് പ്രദർശനങ്ങളിലും മത്സരങ്ങളിലും രോഹിത് വികസിപ്പിച്ചെടുത്ത ഈ ഉപകരണം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പൊന്നാനിയിൽ ലാബ് ടെക്നീഷ്യനായ മോഹൻദാസിന്റെയും അധ്യാപികയായ ഇന്ദുവിന്റെയും മകനാണ് രോഹിത്. സഹോദരൻ ധനഞ്ജയ് രണ്ടാം ക്ലാസിൽ പഠിക്കുന്നു.