ഗാന്ധിനഗർ: യുവ ഡോക്ടർ ദന്പതികളുടെ സ്വകാര്യത മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ പോലീസ് പിടികൂടിയ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു.
ആർപ്പൂക്കര കസ്തൂർബ ജംഗ്ഷനിൽ മുതിരക്കാലായിൽ രോഹിത്തി(23)നെയാണ് ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു സംഭവം.
ഡോക്ടർമാർ താമസിച്ചിരുന്ന വാടക വീടിന്റെ പാരപ്പെറ്റിൽ മൊബൈൽ വച്ചശേഷം, സ്വകാര്യത പകർത്തുകയായിരുന്നു പ്രതിയുടെ രീതി. പകർത്തിയ ചിത്രം സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
സംഭവം ദിവസം ആരോ മൊബൈലുമായി പാരപ്പെറ്റിൽ നിൽക്കുന്നതായി സംശയം തോന്നിയ യുവതി ഇറങ്ങി വന്നപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ചെത്തി.
ഇവരോടൊപ്പം പ്രതിയുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണ് ടോർച്ച് അടിച്ചു നോക്കാനെന്ന പേരിൽവാങ്ങി നോക്കിയപ്പോഴാണ് ഫോണിൽ തങ്ങളുടെ സ്വകാര്യത പകർത്തിയതായി ബോധ്യപ്പെട്ടത്. തുടർന്ന് രാത്രി തന്നെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
അഞ്ചു ദിവസം കഴിഞ്ഞപ്പോൾ പ്രധാന പ്രതിയുടെ സുഹൃത്ത് അൻസലിനെ (25) പോലീസ് പിടികൂടി. ഇയാളും റിമാൻഡിലാണ്. രോഹിത്ത് മൊബൈലിൽ പകർത്തുന്ന ദന്പതികളുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തായ അൻസലിന് അയച്ചുകൊടുക്കുമായിരുന്നു.
അൻസലിനെ പിടികൂടിയപ്പോഴാണ് ഇയാളുടെ മൊബൈൽ ഫോണിൽ മറ്റ് ചില ദന്പതികളുടെ സ്വകാര്യ ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്നാണ് അൻസലിനെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.
ഒളിവിൽപ്പോയ രോഹിത്തിനെ ഇന്നലെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫ്, എസ്ഐമാരായ കെ.ദീപക്, പ്രശാന്ത്, സജിമോൻ, സജി, തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.