മുംബൈ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് അവസാനം. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീം സ്ഥാനം രോഹിത് ശർമയ്ക്ക്. നേരത്തേ ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം മാത്രമായിരുന്നു രോഹിത്തിന് ബിസിസിഐ നൽകിയിരുന്നത്.
ഐസിസി ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയതോടെയായിരുന്നു അത്. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്ക് മുന്നോടിയായി ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനവും രോഹിത്തിന് ബിസിസിഐ കൈമാറി. 2023ലെ ഏകദിന ലോകകപ്പ് വരെയാണ് രോഹിത്ത് ക്യാപ്റ്റൻ സ്ഥാനത്ത് തുടരുക.
ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ നായകനാകുക. ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്കു പകരം രോഹിത് ശർമ്മയെ സഹനായകനാക്കി എന്നതും ശ്രദ്ധേയം.
ഡിസംബർ 26ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ 18 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ (സഹനായകൻ), കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്. റിസർവ്: നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചാഹർ, അർസാൻ നാഗ്വാസ്വാല.