മാഞ്ചസ്റ്റർ: ബൗളിംഗിൽ കുൽദീപ് യാദവും ബാറ്റിംഗിൽ ലോകേഷ് രാഹുലും തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. നാല് ഓവറിൽ 24 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.
മറുപടി ബാറ്റിംഗിൽ അതിവേഗ സെഞ്ചുറിയുമായി ലോകേഷ് രാഹുലും (54 പന്തിൽ 101 നോട്ടൗട്ട്) പിന്തുണയുമായി രോഹിത് ശർമയും(32) തകർത്തടിച്ചതോടെ ഇന്ത്യ ജയത്തിലെത്തി. 18.2 ഓവറിലായിരുന്നു ഇന്ത്യൻ ജയം. ക്യാപ്റ്റൻ വിരാട് കോഹ്ലി 20 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലിയും ആദിൽ റഷീദും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.