മുംബൈ: ബൗളർമാർക്ക് ഐപിഎലിൽനിന്നു വിശ്രമം അനുവദിക്കണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ നിർദ്ദേശം തള്ളി ഉപനായകൻ രോഹിത് ശർമ. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താൻ ബിസിസിഐ ഭരണസമിതി ഹൈദരാബാദിൽ വിളിച്ചുചേർത്ത യോഗത്തിലാണു നായകനെ തള്ളി രോഹിത് രംഗത്തെത്തിയതെന്നാണു റിപ്പോർട്ട്.
അടുത്ത വർഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യൻ ടീമിലെ പ്രധാന പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം.
ഇതിനു ടീമുകൾക്കുണ്ടാകുന്ന നഷ്ടം ബിസിസിഐ നികത്തണമെന്നും കോഹ്ലി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം തള്ളിയ രോഹിത്, ബുംറ കളിക്കാൻ സജ്ജനാണെങ്കിൽ വിശ്രമം അനുവദിക്കില്ല എന്നു വ്യക്തമാക്കി. ഐപിഎലിൽ ബുംറ കളിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ നായകനാണ് രോഹിത്.
അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രിൽ ആദ്യമാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ടൂർണമെന്റ് നീണ്ടുനിൽക്കും. ഇതിനു പിന്നാലെ ലോകകപ്പിനും തുടക്കമാകും. ഈ സാഹചര്യത്തിലാണ് ബൗളർമാർക്കു വിശ്രമം എന്ന നിർദേശം കോഹ്ലി മുന്നോട്ടുവച്ചത്. അതേസമയം, ബാറ്റ്സ്മാൻമാരുടെ കാര്യത്തിൽ കോഹ്ലിക്ക് നിർദേശങ്ങൾ ഒന്നുമില്ലെന്നാണു സൂചന.
ഇടക്കാല ഭരണസമിതി അംഗങ്ങൾ, ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, വിരാട് കോഹ്ലി, രോഹിത് ശർമ, അജിൻക്യ രഹാനെ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്. ഇവരിൽ ഭൂരിഭാഗവും കോഹ്ലിയുടെ നിർദേശം തള്ളിയതായാണു റിപ്പോർട്ടുകൾ.