ഒരു എഡിഷൻ ഏകദിന ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി എന്ന റിക്കാർഡിൽ (നാല് എണ്ണം) ശ്രീലങ്കയുടെ കുമാർ സംഗക്കാരയ്ക്കൊപ്പം രോഹിത് ഇന്നലെ എത്തി. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരേയായിരുന്നു രോഹിത്തിന്റെ മുൻ സെഞ്ചുറികൾ. 2015 ലോകകപ്പിലായിരുന്നു സംഗക്കാര നാല് സെഞ്ചുറി നേടിയത്. ഒരു ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി നേടിയ ഇന്ത്യൻ താരമെന്ന സൗരവ് ഗാംഗുലിയുടെ (2003 ലോകകപ്പിൽ മൂന്ന് സെഞ്ചുറി) റിക്കാർഡും രോഹിത് ഇന്നലെ മറികടന്നു.
ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും രോഹിത് എത്തി. ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്. ആറ് സെഞ്ചുറി നേടിയ സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലാണ് റിക്കാർഡ്. സൗരവ് ഗാംഗുലി നാല് സെഞ്ചുറി സ്വന്തമാക്കിയിട്ടുണ്ട്.
തുടർച്ചയായി മൂന്നാം തവണയും ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് തികയ്ക്കാനും രോഹിത്തിനായി. സച്ചിൻ തെണ്ടുൽക്കർ (1996, 1997, 1998), എം.എസ്. ധോണി (2007, 2008, 2009), വിരാട് കോഹ്ലി (2011, 2012, 2013) എന്നിവരാണ് രോഹിത്തിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
സച്ചിനൊപ്പം ഹിറ്റ്മാൻ
ഒരു ലോകകപ്പിൽ 500ൽ അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡിൽ രോഹിത് ശർമ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനൊപ്പം. ഇന്ത്യക്കായി ഇതുവരെ സച്ചിൻ മാത്രമാണ് ഒരു ലോകകപ്പിൽ 500ൽ അധികം റണ്‍സ് നേടിയത്. സച്ചിൻ രണ്ട് ലോകകപ്പുകളിൽ 500ൽ അധികം റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 1999 ലോകകപ്പിൽ 523ഉം 2003 ലോകകപ്പിൽ 673ഉം. ഇന്നലെ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയതോടെ ഈ ലോകകപ്പിൽ രോഹിത്തിന്റെ സന്പാദ്യം ഏഴ് മത്സരങ്ങളിൽനിന്ന് 544 റണ്‍സ് ആയി.