ദുബായ്: ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാന്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൽകാലം വിരമിക്കുന്നില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീടെന്നും രോഹിത് പ്രഖ്യാപിച്ചത്.
ചാന്പ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നും തോറ്റാൽ രോഹിത് ടീമിനു പുറത്താകുമെന്നുമുള്ള ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. നാല് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിൽ നയിച്ച, രോഹിത് 20ട്വന്റി ലോകകപ്പ് ഉൾപ്പെടെ രണ്ടെണ്ണത്തിൽ കിരീടം നേടി. ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്.
252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കം നല്കി. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു. 83 പന്തിൽ 76 റൺസ് എടുത്താണു പുറത്തായത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49 ഓവറിൽ 254-6. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്.