ദുബായ്: ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിയുടെ ഒന്നാം റാങ്കിനു ഭീഷണിയുയർത്തി രോഹിത് ശർമ. നിലവിൽ 891 പോയിന്റുമായി ഒന്നാം സ്ഥാനത്തു കോഹ്ലിയും 885 പോയിന്റുമായി രോഹിത് രണ്ടാമതുമാണ്.
ലോകകപ്പിലെ തകർപ്പൻ പ്രകടനമാണു രോഹിതിന് മികച്ച പോയിന്റ് മുന്നേറ്റം നൽകിയത്. ടൂർണമെന്റിൽ ഇതുവരെ 647 റണ്‍സ് നേടിയ രോഹിത്, അഞ്ചു ശതകങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിലെ ഫോമിൽ ലോകകപ്പ് അവസാനിക്കുന്നതിനു മുന്‍പുതന്നെ രോഹിത് ഒന്നാം റാങ്ക് കോഹ്ലിയിൽനിന്നു പിടിച്ചെടുത്തേക്കും.
പാക്കിസ്ഥാന്റെ ബാബർ അസം നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കെത്തി. ഫാഫ് ഡു പ്ലെസി (820), റോസ് ടെയ്ലർ (813) ഡേവിഡ് വാർണർ(803) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തു തുടരും. 814 പോയിന്റാണ് ബുംറയ്ക്കുള്ളത്. ട്രെന്റ് ബോൾട്ടും (758) പാറ്റ് കമ്മിൻസും (698) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്നാം സ്ഥാനത്തായിരുന്ന അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ അഞ്ചു സ്ഥാനങ്ങൾ നഷ്ടപ്പെട്ട എട്ടാം സ്ഥാനത്താണ്. ലോക്കി ഫെർഗൂസണ് പത്താം സ്ഥാനത്തേക്കുയർന്നപ്പോൾ കുൽദീപ് യാദവ് ആദ്യ പത്തിലെ തന്റെ സ്ഥാനം നിലനിർത്തി.