മുംബൈ: മുംബൈ ഇന്ത്യൻസുമായി വഴിപിരിയാനൊരുങ്ങി നായകൻ രോഹിത് ശർമ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയെയും രോഹിത്തിനെയും വച്ചുമാറാനാണു നീക്കം.
ഐപിഎൽ വിപണി ഞായറാഴ്ചയോടെ അടയ്ക്കും. അതിനു മുന്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക ഇതിനു മുന്പ് ഫ്രാഞ്ചൈസികൾ പുറത്തുവിടും.
രോഹിത്തിനെയോ ജോഫ്ര ആർച്ചറെയോ വിട്ടുനൽകിയുള്ള മാറ്റക്കരാറിനാണു ഗുജറാത്തിനു താത്പര്യം. രോഹിത് മുംബൈ വിട്ടാൽ ഗുജറാത്തിന്റെ ക്യാപ്റ്റനാകും. ഹാർദിക് മുംബൈയെയും നയിക്കും. ആർച്ചറെയാണു വിട്ടുനൽകുന്നതെങ്കിൽ അടുത്ത സീസണിലും രോഹിത് മുംബൈ നായകനായി തുടരും. 2025 സീസണോടെ ഹാർദിക്കിനായി രോഹിത് സ്ഥാനമൊഴിയേണ്ടിവരും.
അഞ്ചുവട്ടം ഐപിഎൽ കിരീടം സമ്മാനിച്ച നായകനും മുംബൈക്കാരനുമായ രോഹിത്തിനെ ഉപേക്ഷിക്കാൻ മുംബൈ ഇന്ത്യൻസിനു താത്പര്യമില്ല. സ്വന്തം തട്ടകമായ മുംബൈയിൽത്തന്നെ ഐപിഎൽ കരിയർ അവസാനിപ്പിക്കാനാണു രോഹിത്തിനും താത്പര്യം.
എന്നാൽ, ദേശീയ ട്വന്റി20 ടീമിൽ ഇനി ഇടംലഭിക്കാൻ സാധ്യതയില്ലെന്ന അഭ്യൂഹങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിപ്പിക്കാൻ രോഹിത്തിനെയും മുംബൈയെ യും നിർബന്ധിതരാക്കുന്നു. 2022 ട്വന്റി20 ലോകകപ്പിനുശേഷം രോഹിത് ട്വന്റി20 ടീമിൽ കളിച്ചിട്ടില്ല.
അതേസമയം, രോഹിത് പോയാലും ഇല്ലെങ്കിലും ഹാർദിക് പാണ്ഡ്യ മുംബൈയിലേക്കു തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുംബൈയിലാണു ഹാർദിക് ഐപിഎൽ കരിയർ ആരംഭിക്കുന്നത്.
നാലുവട്ടം കിരീടം നേടിയ ടീമിൽ ഹാർദിക് അംഗമായിരുന്നു. 2022 മെഗാ താരലേലത്തിനു തൊട്ടുമുന്പാണു മുംബൈ ഹാർദിക്കിനെ ഒഴിവാക്കിയത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേർന്ന ഹാർദിക് രണ്ടു സീസണിൽ ടീമിനെ നയിച്ചു. ടീമിനൊപ്പം ആദ്യസീസണിൽത്തന്നെ കിരീടം നേടാനും ഹാർദിക്കിനായി.