പൂന: അമിതവേഗത്തിൽ കാറോടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിഴ. പിഴയടയ്ക്കാന്‍ മോട്ടോർ വാഹനവകുപ്പിന്റെ മൂന്നു ചെലാനുകൾ ഓൺലൈനിൽ ലഭിച്ചുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെയാണ് രോഹിത്തിന്റെ ലംബോര്‍ഗിനി കാര്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞത്.മണിക്കൂറില്‍ 215 കിലോമീറ്ററായിരുന്നു രോഹിത്തിന്റെ കാറിന്റെ വേഗതയെന്നും ഇതേത്തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചതെന്നും പൂന മിറര്‍ റിപ്പോര്‍ട്ട് ചേയ്യുന്നു.
അതേസമയം, ഏതു ദിവസമാണ് രോഹിത് അമിത വേഗത്തില്‍ കാറോടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ബംഗ്ലാദേശുമായി ഇന്നു നടക്കാനിരിക്കുന്ന ലോകകപ്പിലെ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായി രോഹിത്തും സംഘവും ഞായറാഴ്ചയാണ് പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമിനു വിശ്രമ ദിവസമായിരുന്നു.
അതുകൊണ്ടു തന്നെ ഈ ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ രോഹിത് ടീം വിട്ടിട്ടുണ്ടാവുമെന്നാണ് സൂചന. തിരികെ ടീമിനൊപ്പം ചേരാന്‍ പൂനെയിലേക്കു സ്വന്തം കാറില്‍ മടങ്ങവെയാവാം അദ്ദേഹം അമിത വേഗത്തില്‍ കാറോടിച്ചതെന്നും സംശയിക്കുന്നു.