രോഹിത് ശർമ, പേരു കേൾക്കുന്പോൾതന്നെ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് കടക്കുന്നതാണ് ആരാധകരുടെ മനസിലേക്ക് എത്തുന്നത്. അതെ, പരിമിത ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് രോഹിത് ശർമ.
എതിർ ബൗളർമാരുടെ പേടിസ്വപ്നമായി രോഹിത് മാറാനുള്ള കാരണം ദിനേശ് ലാഡ് എന്ന പരിശീലകനാണ്. പക്ഷേ, കുഞ്ഞു രോഹിത്തിന്റെ ബാറ്റിംഗ് കണ്ടല്ല ദിനേശ് ലാഡ് ആദ്യം ഇഷ്ടപ്പെട്ടത്. മറിച്ച് ഓഫ് സ്പിന്നായിരുന്നു.
മുത്തച്ഛനും അങ്കിൾ രവിയുമാണ് രോഹിത്തിനെ ദിനേശ് ലാഡിന്റെ ബോറിവല്ലിയിലെ ക്രിക്കറ്റ് ക്യാന്പിലെത്തിച്ചത്. ഓഫ് സ്പിന്നിൽ മികവ് തെളിയിച്ച രോഹിത്തിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കൂളിൽ ചേർക്കാൻ രവി ആവശ്യപ്പെട്ടു.
സ്കൂളിലെ ഫീസിൽ ഇളവും മേടിച്ചു നൽകി. വൈകാതെ സ്കൂൾ മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയായി ഓഫ് സ്പിന്നർ രോഹിത്. ഓഫ് സ്പിന്നിലൂടെ സ്കൂൾ തലത്തിൽ ശോഭിച്ചു നിൽക്കുന്പോഴാണ് ഒരു ദിവസം രോഹിത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് ദിനേശ് രവി കണ്ടത്.
ബാറ്റിംഗിൽ രോഹിത്തിന്റെ കഴിവ് മനസിലാക്കിയ രവി അതോടെ സുഹൃത്തുക്കൾ വഴി രോഹിത്തിന് അവസരങ്ങൾ ലഭിക്കുന്നതിനായി തീവ്രശ്രമം നടത്തി. മുംബൈ സെലക്ഷൻ ട്രയൽസ് ടൂർണമെന്റിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായതോടെ രോഹിത്തിന്റെ വഴി പതുക്കെ തെളിഞ്ഞു.
2007ൽ അയർലൻഡിനെതിരേ ഏകദിന അരങ്ങേറ്റം നടത്തിയപ്പോൾ ഏഴാം നന്പർ ബാറ്ററായിരുന്നു രോഹിത്. ബാറ്റ് ചെയ്യേണ്ടിവന്നില്ല. 2007 ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിംഗ് സ്റ്റൂവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്സ് നേടിയ മത്സരത്തിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.
അവിടെയും ഏഴാം നന്പറിനു മാറ്റമില്ലായിരുന്നു, ക്രീസിൽ എത്തേണ്ടിവന്നുമില്ല. 2013ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയപ്പോൾ വിൻഡീസിനെതിരേ ആറാം നന്പറിൽ ഇറങ്ങി 177 റണ്സുമായി കളിയിലെ താരമായി. പിന്നീട് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്ത ഓപ്പണർ റോളിലെത്തി.
സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റ് പഠിക്കാനായി വീടുവിട്ട് ആന്റിക്ക് ഒപ്പമാണ് താമസിച്ചതെങ്കിൽ രോഹിത് ശർമയ്ക്ക് സംഭവിച്ചത് മറ്റൊരു കാര്യം. രോഹിത്തിന്റെ മുത്തച്ഛൻ കുഞ്ഞു രോഹിതിനെ തന്റെ ഒപ്പം പാർപ്പിച്ചായിരുന്നു ക്രിക്കറ്റ് പഠിപ്പിച്ചത്.
രോഹിത്തിന്റെ അച്ഛനമ്മമാർക്ക് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അത്. എന്നാൽ, മുത്തച്ഛൻ പറഞ്ഞാൽ അതിന് അപ്പുറം രോഹിത്തിന്റെ കുടുംബത്തിൽ ഒന്നും സംഭവിക്കില്ല. മലയാള സിനിമയിലെ അഞ്ഞൂറാന്റെ രീതി എന്നുവേണമെങ്കിൽ പറയാം.
അങ്ങനെ 12-ാം വയസിൽ രോഹിത് തന്റെ മുത്തച്ഛനും മുത്തശ്ശിക്കും അങ്കിൾ രവിക്കുമൊപ്പം താമസമാരംഭിച്ചു. രോഹിത്തിന്റെ ക്രിക്കറ്റ് പഠനത്തിനായി മുടക്കാൻമാത്രം പണം അവർക്കില്ലായിരുന്നു എന്നതും മറ്റൊരു കാര്യം. കടം മേടിച്ചും പണയംവച്ചും രോഹിത്തിനെ അവർ ക്രിക്കറ്റ് പഠിപ്പിച്ചു.
അതേ രോഹിത് ഇപ്പോൾ 140 കോടി ഇന്ത്യക്കാരുടെ മൂന്നാം ഐസിസി ഏകദിന ലോകകപ്പ് ട്രോഫി എന്ന സ്വപ്നഭാരവുമായി ദേശീയ ടീമിനെ നയിക്കുന്നു. കുഞ്ഞുനാൾ മുതൽ പ്രതീക്ഷാഭാരം തോളിലേറ്റിയ രോഹിത് 140 കോടിയുടെ സ്വപ്നം സഫലമാക്കട്ടെ എന്നാണ് ആരാധകരുടെ പ്രാർഥന.