ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരേ 61 റണ്‍സ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ രാജ്യാന്തര അർധസെഞ്ചുറി നേട്ടം മൂന്നക്കത്തിലെത്തി.
രാജ്യാന്തര കരിയറിൽ അർധസെഞ്ചുറി എണ്ണത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആറാമത് ഇന്ത്യൻ ബാറ്ററാണ് രോഹിത്. 54 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കമായിരുന്നു ഇന്നലെ രോഹിത് 61 റണ്‍സ് നേടിയത്.
സച്ചിൻ തെണ്ടുൽക്കർ (164), രാഹുൽ ദ്രാവിഡ് (146), വിരാട് കോഹ്ലി (137), സൗരവ് ഗാംഗുലി (107), എം.എസ്. ധോണി (108) എന്നിവരാണ് നേരത്തേ രാജ്യാന്തര കരിയറിൽ അർധസെഞ്ചുറികൊണ്ട് സെഞ്ചുറി തികച്ച ഇന്ത്യൻ താരങ്ങൾ.
60
2023 കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റിക്കാർഡിനുടമയായ രോഹിത് ശർമ പുതിയൊരു നാഴികക്കല്ലിൽ. നെതർലൻഡ്സിന് എതിരേ രണ്ട് സിക്സർ പറത്തിയ രോഹിത് ഈ വർഷം ഇതുവരെ 60 സിക്സ് തികച്ചു. ഇതോടെ ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റിക്കാർഡ് രോഹിത് സ്വന്തമാക്കി.
2015ൽ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സ് 58 സിക്സ് അടിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഏകദിന കരിയർ സിക്സിൽ ഷാഹിദ് അഫ്രീദി (351), ക്രിസ് ഗെയ്ൽ (331) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് രോഹിത് (316).
സച്ചിനൊപ്പം
ഐസിസി ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് എഡിഷനിൽ 500ലധികം റണ്‍സ് നേടുന്ന രണ്ടാമത് മാത്രം ബാറ്റർ എന്ന റിക്കാർഡിലും രോഹിത് എത്തി. സച്ചിൻ തെണ്ടുൽക്കറാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ താരം. നെതർലൻഡ്സിന് എതിരായ അർധസെഞ്ചുറിയിലൂടെ രോഹിത് ഈ ലോകകപ്പിൽ ഇതുവരെ ഒന്‍പത് മത്സരങ്ങളിൽ 503 റണ്‍സ് നേടി. 2019 ലോകകപ്പിൽ 648 റണ്‍സ് രോഹിത് നേടിയിരുന്നു.
1996 ലോകകപ്പിൽ 523ഉം 2003 ലോകകപ്പിൽ 673ഉം റണ്‍സ് വീതം നേടിയാണ് സച്ചിൻ റിക്കാർഡ് ബുക്കിൽ ഇടം നേടിയത്.
ആദ്യ ഇന്ത്യൻ
ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഒരു എഡിഷനിൽ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടവും രോഹിത് ശർമയ്ക്കു സ്വന്തം. ലോകത്തിൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത് ക്യാപ്റ്റനാണ് രോഹിത്.
2019ൽ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് (578), ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (507), 2007ൽ ശ്രീലങ്കയുടെ മഹേല ജയവർധനെ (548), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (539) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ക്യാപ്റ്റന്മാർ.