കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തിക്കൊണ്ടു പോയി എന്ന പോലെയാണ് അഡാര്‍ ലവ് നായിക പ്രിയാ വാര്യരുടെ ഇപ്പോഴത്തെ അവസ്ഥ. തെലുങ്കിലെ ജൂനിയര്‍ എന്‍.ടി.ആര് അഭിനയിച്ച ടെമ്പര്‍ എന്ന പടം വലിയ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളില്‍ ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്.
ഹിന്ദിയില്‍ ചെന്നൈ എക്സ്പ്രസിന്റെ സംവിധായകന് രോഹിത് ഷെട്ടി സിമ്പാ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് നായകന്. നായികയെ തേടിയുള്ള സംവിധായകന്റെ തിരച്ചില്‍ ആദ്യം ചെന്നെത്തിയത്.
ഒറ്റ കണ്ണിറുക്ക് കൊണ്ട് രാജ്യം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരില് ആയിരുന്നു. ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലും പ്രിയയുടെ കണ്ണിറുക്കുന്ന ചിത്രം ഉപയോഗിക്കുന്നുണ്ട് എന്നത് പ്രിയയുടെ ജനപ്രീതിയ്ക്കു തെളിവാണ്.
പ്രിയയുടെ ഈ ജനപ്രീതി നന്നായി മാര്‍ക്കെറ്റ് ചെയ്യാമെന്ന് കച്ചവട സിനിമയുടെ ഉസ്താദായ രോഹിത് ഷെട്ടി ഉറപ്പിച്ചു. രണ്‍വീര്‍ സിംഗും പ്രിയാ വാര്യരും ഒത്തുചേരുമ്പോള്‍ അത് ഇന്ത്യമുഴുവന്‍ അലയടിക്കുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്ഹിറ്റാകുമെന്ന് ഉറപ്പായി. അത് സംബന്ധിച്ച എല്ലാ ചര്‍ച്ചകളും പുരോഗമിച്ചു.
അതിനിടെ ഷെട്ടിയും സംഘവും പ്രിയാവാര്യരെ കോണ്ടാക്ട് ചെയ്തു. താരത്തിന് അതിരുകളില്ലാത്ത സന്തോഷമായിരുന്നു. എന്നാലത് അധികസമയം നീണ്ടുനിന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു അഡാര്‍ ലവില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടാക്കിയൊരു കരാര്‍ താരത്തിന്റെ ബോളിവുഡ് സ്വപ്നങ്ങള്‍ തച്ചുടച്ചു.
അഡാര്‍ ലവ് റിലീസാകും മുമ്പ് വേറെ സിനിമകളില്‍ അഭിനയിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. തുടക്കക്കാരിയായതിനാല്‍ പ്രിയയ്ക്ക് അത് വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രിയയുടെ തലവര തന്നെ മാറി.
കരാര്‍ പാരയായതോടെ പ്രിയ ബോളിവുഡ് സ്വപ്നം ഉപേക്ഷിച്ചു. ഇനിയാരെ നായികയാക്കും എന്ന ചിന്തയില്‍ രോഹിതിന്റെ കണ്ണെത്തിയതാവട്ടെ സെയ്ഫ് അലി ഖാന്റെ പുത്രി സാറ അലി ഖാനിലും. സെയ്ഫിനും സന്തോഷം സാറയ്ക്കും സന്തോഷം. ദുഖം പ്രിയ വാര്യര്‍ക്കു മാത്രം എന്നു ചുരുക്കം.