കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനായി സെലക്ടര്‍മാര്‍ ഇന്ന് ചേരുമ്പോള്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കുമോയെന്നും മോശം ഫോമിലുള്ള ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാനെ പുറത്താക്കുമോയെന്നുമുള്ള കാര്യങ്ങളാകും ഏവരും ഉറ്റുനോക്കുക. വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്ക്കാണെത്തുന്നത്.
ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ കോല്‍ക്കത്തയില്‍ ഇന്ന് ചേരുന്നത് ഈ കമ്മിറ്റിയുടെ അവസാന ടീം തെരഞ്ഞെടുപ്പാകും. ഈ സമിതി നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.അടുത്ത വര്‍ഷം ന്യൂസിലന്‍ഡ് പര്യടനത്തിനുമുമ്പ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ രോഹിത്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയില്‍നിന്ന് അര്‍ഹിച്ച വിശ്രമം നല്‍കുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഏകദിനങ്ങളാണ് ഇന്ത്യക്കുള്ളത്. ന്യൂസിലന്‍ഡില്‍ ഇന്ത്യക്ക് അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുമാണുള്ളത്.
വെസ്റ്റ് ഇന്ഡീനെതിരേ ഇന്ത്യ മൂന്നു ട്വന്റി 20 കളിക്കുന്നുണ്ട്. ഡിസംബര്‍ ആറിനു നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് പരമ്പരയ്ക്കു തുടക്കമാകുന്നത്. തിരുവനന്തപുരത്തും (ഡിസംബര്‍ 8), ഹൈദരാബാദിലും (ഡിസംബര്‍ 11) രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ നടക്കും. ഏകദിനങ്ങള്‍ ചെന്നൈ (ഡിസംബര്‍ 15), വിശാഖപട്ടണം (ഡിസംബര്‍ 18), കട്ടക് (ഡിസംബര്‍ 22) എന്നിവടങ്ങളിലാണ്.
രോഹിത്തിനു വിശ്രമം
രോഹിത്തിന്റെ അമിത ജോലിഭാരമാകും ടീം തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. ഐപിഎല്‍ ഉള്‍പ്പെടെ രോഹിത് ഈ വര്‍ഷം 60 മത്സരങ്ങളില്‍ ഇറങ്ങി. ഈ വര്‍ഷം രോഹിത് 25 ഏകദിനങ്ങളിലും 11 അന്താരാഷ് ട്ര ട്വന്റി 20 മത്സരങ്ങളിലുമാണ് കളിച്ചത്. രണ്ടു തവണ വിശ്രമം ലഭിച്ച നായകന് വിരാട് കോഹ്ലിയെക്കാള് മൂന്നു ഏകദിനങ്ങളും നാലു ട്വന്റി 20യും കൂടുതലാണ് വൈസ് ക്യാപ്റ്റനു കളിക്കേണ്ടിവന്നത്. ഇങ്ങനെ നോക്കുമ്പോള്‍ രോഹിത്തിന് ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍നിന്ന് വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്.
ധവാന്റെ കാര്യം
ലോകകപ്പില്‍ പരിക്കേറ്റശേഷം ടീമില്‍ തിരിച്ചെത്തിയ ധവാന്റെ ഫോമില്ലായ്മാണ് അടുത്ത പ്രധാന വിഷയം. ധവാനെ ഒഴിവാക്കുകയാണെങ്കില്‍ സെലക്ടര്‍മാര്‍ മായങ്ക് അഗര്‍വാളിന് ആ സ്ഥാനം നല്‍കിയേക്കും. ടെസ്റ്റില്‍ തുടരുന്ന ഫോമും ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച ശരാശരിയും ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ക്കു പ്ലസ് പോയിന്റാണ്. പ്രായം 34ലെത്തുന്ന ധവാന് എത്ര നാള് കൂടി ക്രിക്കറ്റിലുണ്ടാകുമെന്ന് പറയാനാവില്ല.
ആ സ്ഥാനത്തേക്കു പുതിയ ആളെ കണ്ടെത്തേണ്ടതും ആവശ്യമാണ്. ബംഗ്ലാദേശിനെതിരേയുള്ള ട്വന്റി 20 പരമ്പരകളില്‍ 41 (42 പന്തില്‍), 31 (27 പന്തില്‍), 19(16 പന്തില്‍) എന്നിങ്ങനെയായിരുന്നു ധവാന്റെ പ്രകടനം. വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ ധവാന് ബുദ്ധിമുട്ടുന്നതാണ് കണ്ടത്. ആഭ്യന്തരക്രിക്കറ്റിലും ഓപ്പണര്‍ക്ക് തിളങ്ങാനായില്ല. അഗര്‍വാളാണെങ്കില്‍ ബംഗ്ലാദേശിനെതിരേ ആദ്യ ടെസ്റ്റില്‍ വേഗത്തില്‍ സ്കോര്‍ ചെയ്യുന്നുമുണ്ടായിരുന്നു.
ധവാനെപ്പോലെയാണ് ഋഷഭ് പന്തിന്റെ അവസ്ഥയും സഞ്ജു സാംസണ് അവസരത്തിനായി കാത്തിരിക്കുന്നു. മഹേന്ദ്ര സിംഗ് ധോണി പരിശീലനം ആരംഭിച്ചു കഴിഞ്ഞു.ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പരിക്ക് ഭേദമാകുകയാണ്. ശിവം ദുബെ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമില്‍ തുടര്‍ന്നേക്കാം.
സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ഫോം അളക്കും. യുസ്വേന്ദ്ര ചാഹലോ രവീന്ദ്ര ജഡേജയോ ടീമിലുണ്ടായേക്കാം. ദീപക് ചാഹറാകും ഇന്ത്യയുടെ പേസ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഖലീൽ അഹമ്മദ് റൺസ് അധികം വഴങ്ങുന്നത് ഇന്ത്യയെ വിഷമിപ്പി ക്കുന്നുണ്ട്.