ബർമിംഗ്ഹാം: ചാന്പ്യൻസ് ട്രോഫിയിൽ വീണ്ടും ഇന്ത്യ-പാക്കിസ്ഥാൻ ഏറ്റുമുട്ടൽ. അയൽക്കാരായ ബംഗ്ലാദേശിനെ ഒന്‍പതു വിക്കറ്റിനു തകർത്താണ് കോഹ്ലിയും സംഘവും ഫൈനലിലേക്കു മാർച്ച് ചെയ്തത്. ബംഗ്ലാദേശ് ഉയർത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 59 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറിയുമായി രോഹിത് ശർമ മുന്നിൽനിന്നു നയിച്ചപ്പോൾ അർധസെഞ്ചുറിയുമായി നായകൻ വിരാട് കോഹ്ലിയും ഓപ്പണർ ശിഖർ ധവാനും മികച്ച പിന്തുണ നൽകി. ഇത് നാലാം തവണയാണ് ഇന്ത്യ ചാന്പ്യൻസ് ട്രോഫി ഫൈനലിൽ എത്തുന്നത്.
129 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയായിരുന്നു രോഹിതിന്റെ 123 റണ്‍സ്. കോഹ്ലി 96 റണ്‍സുമായി വിജയത്തിൽ രോഹിതിനു കൂട്ടുനിന്നു. 78 പന്ത് നീണ്ട ഇന്നിംഗ്സിൽ കോഹ്ലി 13 തവണ പന്ത് ബൗണ്ടറി കടത്തി. ഓപ്പണിംഗ് വിക്കറ്റിൽ ധവാനൊപ്പം 87 റണ്‍സും കോഹ്ലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 178 റണ്‍സും കൂട്ടിച്ചേർക്കാൻ രോഹിതിനായി. രോഹിതിന്റെ 11-ാം സെഞ്ചുറിയായിരുന്നു ഇത്. ഇന്ത്യക്ക് നഷ്ടമായ ധവാന്റെ വിക്കറ്റ് മഷ്റാഫെ മൊർത്താസ സ്വന്തമാക്കി.
നേരത്തെ, പരന്പരയിലുടനീളം മികച്ച ഫോം തുടരുന്ന തമിം ഇഖ്ബാൽ, മുഷ്ഫിഖർ റഹിം എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റിൽ തമിമും മുഷ്ഫിഖറും ചേർന്നു കൂട്ടിച്ചേർത്ത 123 റണ്‍സാണ് ബംഗ്ലാ ഇന്നിംഗ്സിന്റെ നട്ടെല്ലായി.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ച ടീമിനെ സെമിയിലും ഇന്ത്യ നിലനിർത്തി. ആദ്യ ഓവറിലെ അവസാന പന്തിൽ സൗമ്യ സർക്കാരിനെ പവലിയനിൽ തിരിച്ചെത്തിച്ച ഭുവനേശ്വർ കുമാർ നായകന്റെ പ്രതീക്ഷ കാത്തു. സ്കോർ 33ൽ സാബിർ റഹ്മാനെയും ഭുവി മടക്കി. ഇതിനുശേഷമായിരുന്നു തമിം-മുഷ്ഫിഖർ കൂട്ടുകെട്ട്.
ഇന്ത്യൻ ബൗളിംഗിനെ കീറിമുറിച്ച തമിമും മുഷ്ഫിഖറും തുടർച്ചയായി ബൗണ്ടറികൾ പായിച്ചു. കോഹ്ലി ബൗളർമാരെ മാറിമാറി ഉപയോഗിച്ചെങ്കിലും കൂട്ടുകെട്ട് പിരിഞ്ഞില്ല. ഇതിനിടെ ഇരുവരും അർധസെഞ്ചുറികൾ പൂർത്തിയാക്കി. ഒടുവിൽ 28-ാം ഓവറിൽ കേദാർ യാദവ് തമിമിനെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. പുറത്താകുന്നതിനു മുന്‍പ് 82 പന്തിൽ ഏഴു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ തമിം 70 റണ്‍സ് നേടി. പിന്നാലെ മുഷ്ഫിഖറും(61) കേദാർ യാദവിന് ഇരയായി.
തുടർന്നെത്തിയവരിൽ ആർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഷക്കിബ്(15), മഹമ്മദുള്ള(21), മൊസാദക് ഹുസൈൻ(15) എന്നിങ്ങനെയായിരുന്നു മധ്യനിരയുടെ സംഭാവന. അവസാന ഓവറുകളിൽ മൊർത്താസ(30*)യും ടസ്കിൻ അഹമ്മദും(10*) ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ടനിലയിൽ എത്തിച്ചത്.
ഇന്ത്യക്കായി കേദാർ യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബും എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി. അശ്വിൻ പത്ത് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.