പുത്തൂർ: ദേശീയ ബാസ്കറ്റ് ബോൾ താരമായ രോഹിത്തിന്റെ ജഴ്സി നെഞ്ചോടു ചേർത്തുപിടിച്ച് അമ്മ ലതിക.
പ്രിയപ്പെട്ട ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് സഹോദരി ശ്രീലക്ഷ്മി.
കരച്ചിലടക്കി ടാറ്റായും തംസപ്പും നല്കി പൊന്നുമോന്റെ അവസാനയാത്രയ്ക്ക് അമ്മ ആശംസകൾകൂടി നേർന്നതോടെ അവിടെ കൂടിനിന്നവരെല്ലാം വിങ്ങിപ്പൊട്ടി.
പോസ്റ്റ്മോർട്ടത്തിനുശേഷം രോഹിത്തിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ സങ്കടക്കണ്ണീരിൽ ഗ്രാമം കുതിർന്നു.
വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച നടത്തറ സ്വദേശി കുമാരപുരം തെക്കൂട്ട് രവിയുടെ മകൻ രോഹിത്ത് രാജ് (24) നാടിനും പ്രിയപ്പെട്ടവനായിരുന്നു.
കോയന്പത്തൂരിലെ ജോലിത്തിരക്കു മാറ്റിവച്ച് നാട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം നവരാത്രി ആഘോഷിച്ചു മടങ്ങുന്പോഴാണ് അപകടം.
അവധി കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരമാണു രോഹിത്ത് കെഎസ്ആർടിസി ബസിൽ കോയന്പത്തൂരിലേക്കു മടങ്ങിയത്. അച്ഛനാണു ബസ് കയറ്റിവിട്ടത്.
കൂടെയുണ്ടായിരുന്ന കൂട്ടുകാരനു മുന്നിലും രോഹിത്തിനു പിറകിലുമാണ് സീറ്റ് കിട്ടിയത്. രോഹിത്ത് ഇരുന്നിരുന്ന ഭാഗത്തേക്കു ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.
സുരക്ഷിതമായി എത്തിയെന്ന വിളിയും കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അപകടവിവരം അറിയിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ ഫോണാണ്.
നാടിന്റെ സ്വന്തം രോഹിത്തിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണു മൈനർ റോഡിലെ വീട്ടിലെത്തിയത്.
ബാസ്കറ്റ്ബോൾ താരമായ രോഹിത് പഠനത്തോടൊപ്പം ജോലിയും ബാസ്കറ്റ്ബോൾ പരിശീലനവും ഒരുപോലെ കൊണ്ടുപോയിരുന്നു.
തമിഴ്നാട് ബാസ്കറ്റ് ബോൾ ടീമിൽ ചേർന്നു കളിക്കണമെന്ന മോഹവും ബാക്കിയാക്കിയാണു രോഹിത്തിന്റെ മടക്കം. ഭാരതീയ വിദ്യാഭവനിലെ അധ്യാപികയാണു രോഹിത്തിന്റെ അമ്മ ലതിക.