ന്യൂഡല്‍ഹി: ഏകാന്തതയുടെ ആ 14 ദിവസങ്ങളെക്കുറിച്ച് അഭിമാനത്തോടെയും ആരോഗ്യത്തോടെയും വിവരിച്ച് ഡല്‍ഹിയില്‍ കൊറോണയെ അതീജിവിച്ച മനുഷ്യന്. 45 വയസുകാരനായ രോഹിത് ദത്ത ആയിരുന്നു രാജ്യതലസ്ഥാനത്ത് ആദ്യമായി കോവിഡ്19 സ്ഥിരീകരിച്ച വ്യക്തി.
ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസത്തെ നിരീക്ഷണത്തിനും ചികിത്സയ്ക്കും ശേഷം പൂര്‍ണ രോഗവിമുക്തനായി രോഹിത് ശനിയാഴ്ച പുറത്തിറങ്ങി. ഇനി 14 ദിവസം മയൂര്‍ വിഹാറിലെ വീട്ടില്‍ പുറത്തിറങ്ങാതെ കരുതല്‍ വാസം നയിക്കും.
ഐസോലേഷന് വാര്‍ഡില്‍ 14 ദിവസത്തെ ഏകാന്തവാസത്തെ കുറിച്ച് കൂടുതല്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് കരുത്തും പ്രതീക്ഷയും പകരാന്‍ ഉപകരിക്കും എന്നാണ് രോഹിത് പറയുന്നത്. ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഫോണ്‍ കൈവശമുണ്ടായിരുന്നു.
പതിവായി വീഡിയോ കോള്‍ വഴി കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു. നെറ്റ്ഫ്ളിക്സില്‍ സീരീസുകളും സിനിമകളും കണ്ട് സമയം നീക്കി. ഒപ്പം ചാണക്യനീതിയും വായിച്ചു.
ഐസൊലേഷന്‍ വാര്‍ഡിലെ സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരു ആഡംബര ഹോട്ടലിലെ സൗകര്യങ്ങള്‍ക്ക് ഒപ്പം തന്നെ ആയിരുന്നു എന്നും ദത്ത പറഞ്ഞു.
ആശുപത്രി ജീവനക്കാര്‍ ഉന്നത നിലവാരത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണു നടത്തിയിരുന്നത്. ദിവസത്തില്‍ പല തവണ മുറി വൃത്തിയാക്കുകയും പുതപ്പുകളും മറ്റും രണ്ടു തവണ പ്രതിദിനം മാറ്റുകയും ചെയ്തിരുന്നു.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള സൗകര്യങ്ങളാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും ദത്ത പറയുന്നു.
ജീവന് തന്നെ പണയപ്പെടുത്തി തങ്ങളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളു തുറന്നു നന്ദി പറയുന്നുവെന്നും ദത്ത പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന സമയത്തായിരുന്നു ഹോളി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് നേരിട്ടു ഫോണില്‍ വിളിച്ചാണ് രോഹിത് ദത്തയ്ക്ക് ഹോളി ആശംസിച്ചത്.
ആരോഗ്യവിവരങ്ങള്‍ തിരക്കിയ മന്ത്രി ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നുണ്ടോ എന്നു വരെ മന്ത്രി ചോദിച്ചു.
കോവിഡ്19 മായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ വിവരങ്ങളും താനും പ്രധാനമന്ത്രിയും നേരിട്ടു വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഷൂസ് നിര്‍മാണത്തിന് ആവശ്യമായ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉത്പാദിപ്പിക്കുന്ന കമ്പനി നടത്തുകയാണ് രോഹിത്.
ഫെബ്രുവരി മധ്യത്തോടെയാണ് ഒരു ലെതര്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ വേണ്ടി ഇറ്റലിക്ക് പോയത്. ആ സമയത്ത് ഇറ്റലിയെ കോവിഡ് ഇത്രയധികം കീഴടക്കിയതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നില്ല.
രണ്ടു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇവരില്‍ നിന്ന് നാല് പേരിലേക്ക് കൂടി വൈറസ് പടരുകയും അവരെ ആഗ്രയിലെ നീരീക്ഷണ ക്യാമ്പിലേക്കു മാറ്റുകയും ചെയ്തിരുന്നു.
പിന്നീട് ഇവര്‍ ഏഴു പേരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എല്ലാവരെയും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഫെബ്രുവരി 25നാണ് രോഹിത് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു രാത്രി ചെറിയ പനി ഉണ്ടെന്ന് തോന്നിയപ്പോള്‍ ഒരു പാരസെറ്റാമോള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്നു.
തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കണ്ടു. മൂന്നുദിവസത്തേക്ക് മരുന്നു ലഭിച്ചു.
ഫെബ്രുവരി 28ന് മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു പാര്‍ട്ടി നടത്തി. ഭാര്യയും രണ്ടു മക്കളും മാതാവും രണ്ടു സുഹൃത്തുക്കളുടെ കുടുംബവും മകന്റെ സഹപാഠികളുമാണ് പാര്‍ട്ടിക്കെത്തിയത്.
ആ രാത്രി രോഹിതിന് പനി കൂടി. ആ സമയത്താണ് ഇറ്റലി കോവിഡിന്റെ പിടിയലമര്‍ന്നു എന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോയി പരിശോധിച്ചു.
പനി ഉണ്ടായിരുന്നത് കൊണ്ട് അഡ്മിറ്റ് ആകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം പരിശോധനയില്‍ രോഹിത് ദത്തയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
അടുത്ത അരമണിക്കൂറിനുള്ളില്‍ തന്നെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെയും പരിശോധിച്ചു. തൊട്ടടുത്ത ദിവസം മകന്റെ സ്കൂളിലെ സഹപാഠികളെയും പരിശോധിച്ചു.
ആദ്യം പരിഭ്രാന്തി പരന്നു എങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തന്റെയും തനിക്കു ചുറ്റുമുള്ളവരുടെയും സ്ഥിതി സാധാരണ നിലയിലായെന്നും രോഹിത് ദത്ത പറയുന്നു.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹത്തിന്റെ നന്മയെ കരുതി സ്വയം പരിശോധനകള്‍ക്കായി മുന്നോട്ടു വരണമെന്നും രോഹിത് ദത്ത പറയുന്നു.
സെബി മാത്യു