പത്തനംതിട്ട: മകന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി നടത്തിയ നിയമ പോരാട്ടത്തിന് എട്ടു വര്‍ഷത്തിന് ശേഷം വിജയം കണ്ടതിന്റെ സംതൃപ്തിയിലാണ് അഭിഭാഷകനായ എം.എസ്. രാധാകൃഷ്ണൻ.
മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന മകൻ രോഹിതിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കേസിൽ സിബിഐ അന്വേഷിക്കാനുള്ള ഉത്തരവ് കഴിഞ്ഞദിവസം സുപ്രീംകോടതി നൽകി.
ഇലന്തൂര്‍ കുഴിക്കാല മേപ്പുറത്ത് എം.എസ്.രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും മകനായ രോഹിത് കൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം വച്ചുനീട്ടിയ കര്‍ണാടക സിബിസിഐഡി വിഭാഗത്തിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ഒരു മാസത്തിനകം രോഹിതിന്റെ പിതാവ് അഡ്വ. എം.എസ്. രാധാകൃഷ്ണന് പിഴത്തുക കൈമാറാനും കോടതി നിര്‍ദേശിച്ചു.മംഗലാപുരം കുന്തിക്കാനയിലെ എജെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന രോഹിതിന്റെ മൃതദേഹം 2014 മാര്‍ച്ച് 23 ന് തണ്ണീര്‍ഭാവി ബീച്ചിലേക്കുള്ള റോഡിലെ കുറ്റിക്കാടുകള്‍ക്ക് സമീപം തല വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്.
പനമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് മൃതദേഹം കിടന്നിരുന്നത്.അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനും മരണത്തിനും പോലീസ് കേസെടുത്തു. അമിത വേഗത്തിൽ ബൈക്ക് ഓടിച്ച രോഹിത് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.
മകന് അപകടമുണ്ടായെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് പത്തനംതിട്ട ബാറിലെ അഭിഭാഷകനായ രോഹിതിന്റെ പിതാവ് എം.എസ്.രാധാകൃഷ്ണനെ കോളജില്‍ നിന്നും അറിയിച്ചത്. ഉടന്‍ മംഗലാപുരത്ത് ചെന്ന പിതാവിന് മകന്റെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്.
പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കോളജ് അധികൃതര്‍ ധൃതിപിടിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ രാധാകൃഷ്ണന് രോഹിതിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടു. പോലീസും കോളേജ് അധികൃതരും ആരോപിക്കുന്നത് പോലെയല്ല മകന്റെ മരണമെന്ന് അദ്ദേഹത്തിന് മനസിലായി.
തന്റെ മകനെ മറ്റെവിടെയോ വച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം സംഭവസ്ഥലത്ത് എത്തിച്ചതാണെന്നും പിതാവിന് ഉറപ്പുണ്ടായിരുന്നു. സംഭവ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയും അവിശ്വസനീയവും ദുരൂഹവുമായിരുന്നു.
പോസ്റ്റുമോര്‍ട്ടം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തി കാമറയില്‍ പകര്‍ത്തണമെന്ന് രാധാകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് പോസ്റ്റ്മോര്‍ട്ടം നടത്തുകയും പിതാവിന്റെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെ തന്നെ മൃതദേഹം എജെ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം എംബാം ചെയ്യുകയും ചെയ്തു.
അപകട മരണം എന്ന മുന്‍വിധിയോടെയായിരുന്നു കർണാടക സിഐഡി നടത്തിയ അന്വേഷണം.2015 ഫെബ്രുവരിയില്‍, മകന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ നിഷ്പക്ഷ അന്വേഷണ സംഘം രൂപീകരിക്കുകയോ അന്വേഷണം സിബിഐ പോലുള്ള വിശ്വസനീയമായ ഏജന്‍സിക്ക് കൈമാറുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് രാധാകൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പക്കാന്‍ ബംഗളൂരുവിലെ എച്ച് ആന്‍ഡ് ബി സിഐഡിക്ക് കോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ മൂന്നിന് കേസ് പരിഗണിച്ച ജസ്റ്റീസ് എം.ആര് ഷാ, ജസ്റ്റീസ് എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് തുടരന്വേഷണം സിബിഐക്ക് വിട്ടത്. അന്വേഷണം നീതിയുക്തവും സുതാര്യവുമായി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കോടതി .