മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിഴ. കഴിഞ്ഞ ദിവസം പൂന സൂപ്പർ ജയന്റിനെതിരായ മത്സരത്തിനിടെ അന്പയറോട് മോശമായി പെരുമാറിയതിനാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സര ഫീസിന്റെ 50 ശതമാനം തുകയാണ് രോഹിത് പിഴയായി ഒടുക്കേണ്ടത്.
പൂനയ്ക്കെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ വൈഡ് ആയ പന്ത് സാധുവാണെന്ന് അന്പയർ വിധിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണം. മുംബൈക്ക് ജയിക്കാൻ നാല് പന്തിൽ 11 റണ്‍സ് വേണ്ട സമയത്തായിരുന്നു സംഭവം. മത്സരം മൂന്ന് റണ്‍സിന് പൂന വിജയിക്കുകയും ചെയ്തിരുന്നു.
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് രോഹിത് അച്ചടക്ക നടപടിക്കു വിധേയനാകുന്നത്. ഈ സീസണിൽ ഇനിയും പ്രശ്നമുണ്ടാക്കിയാൽ രോഹിതിനെ കളിയിൽനിന്നു വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഐപിഎൽ അച്ചടക്ക സമിതി നീങ്ങും.