മുംബൈ: കളിക്കാരുടെ കുടുംബങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനോടു യോജിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. കളിക്കാരെകുറിച്ച് എന്തും വിമർശിക്കാം. എന്നാൽ, കളിക്കാരുടെ ഭാര്യമാരെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നത് ശരിയല്ല-
രോഹിത് പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ തന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഭാര്യമാരെക്കുറിച്ച് ഉയർന്ന വിമർശനം സൂചിപ്പിച്ചായിരുന്നു രോഹിത്തിന്റെ പ്രതികരണം.
കളിക്കാരെ പിന്തുണയ്ക്കാനും സന്തുഷ്ടരാക്കാനുമാണ് കുടുംബാംഗങ്ങൾ ടീമിനൊപ്പം സഞ്ചരിക്കുന്നത്. കോഹ്ലിയോടു ചോദിച്ചാലും ഇതേ അഭിപ്രായമാകും ലഭിക്കുകയെന്നും രോഹിത് പറഞ്ഞു. അനുവദിച്ചതിൽ കൂടുതൽ ദിവസം ലോകകപ്പിനിടെ ചില ഇന്ത്യൻ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾ തങ്ങിയത് വിവാദം ആയിരുന്നു.
കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ഇന്ത്യൻ സെലക്ടർ ചായ കൊടുക്കുന്നത് കണ്ടുവെന്ന മുൻ താരം ഫറൂഖ് എൻജിനിയറുടെ വെളിപ്പെടുത്തലും ലോകകപ്പിനിടെ വൻ ചർച്ചയായിരുന്നു. ഇതിനെതിരേ രൂക്ഷഭാഷയിലായിരുന്നു അനുഷ്കയുടെ പ്രതികരണം.