സത്യം വിളിച്ചു പറയാതിരിക്കാന്‍…! നടി റോജ അറസ്റ്റില്‍; ഒരു മണിക്കൂറിലേറെ നേരം തടഞ്ഞുവച്ചു; ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍

roja

വിജയവാഡ: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ റോജ അറസ്റ്റില്‍. ദേശീയ വനിതാ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നതിനായി ഗന്നവാരം വിമാനത്താവളത്തിലെത്തിയ റോജയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ നേരം തടഞ്ഞുവച്ചശേഷം എംഎല്‍എയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. വിജയവാഡ പോലീസ് സംഭവങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

വനിതാ പാര്‍ലമെന്‍റ് സംഘടിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് ധാര്‍മികമായി യാതൊരു അധികാരവുമില്ലെന്നും താന്‍ സത്യം വിളിച്ചു പറയുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നും റോജ കുറ്റപ്പെടുത്തി. 11 കോടി രൂപ ചെലവഴിച്ചു നടത്തുന്ന പരിപാടിയില്‍ നിരവധി എംപിമാരും എംഎല്‍എമാരും പങ്കെടുക്കുന്‌പോള്‍ തന്നെ പങ്കെടുപ്പിക്കാത്തതിന്‍റെ കാരണം എന്താണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തന്നെ പോലീസ് തട്ടിക്കൊണ്ടുപോകുകയാണെന്നും റോജ ആരോപിച്ചു.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി നിയമസഭയില്‍നിന്ന് റോജയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വനിതാ പാര്‍ലമെന്‍റിലേക്കു റോജയ്ക്കു ക്ഷണമുണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് റോജ അറസ്റ്റിലായത്. പോലീസ് അകന്പടിയോടെ തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിന്‍റെ വീഡിയോ റോജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് അണികള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രകാശം ജില്ലയിലെ ഓംഗോളിലേക്കാണ് റോജയെ മാറ്റിയിരിക്കുന്നതെന്നാണു സൂചന.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ വനിതാ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നതിനായി ഗാന്നാവരം വിമാനത്താവളത്തില്‍ എത്തിയിട്ടുള്ളതിനാല്‍ ഇവിടെ യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Related posts