ലണ്ടൻ: ഓപ്പണ്‍ കാലഘട്ടത്തിൽ വിംബിൾഡണ്‍ ടെന്നീസ് ചാന്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാർഡ് സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററിന് സ്വന്തം.
ഫെഡെക്സ് എന്നറിയപ്പെടുന്ന ഫെഡററിന് നിലവിൽ 39 വയസാണ്, അടുത്ത മാസം എട്ടിന് 40 വയസ് പൂർത്തിയാകും.പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ലോറെൻസോ സൊനെജൊയെ 7-5, 6-4, 6-2ന് കീഴടക്കിയാണ് റോജർ ഫെഡറർ ക്വാർട്ടറിൽ പ്രവേശിച്ചത്.
രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച 14-ാം സീഡുകാരനായ പോളണ്ടിന്റെ ഹൂബെർട്ട് ഹർകാക്സ് ആണ് ക്വാർട്ടറിൽ ഫെഡററിന്റെ എതിരാളി. 2-6, 7-6 (7-2), 3-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു ഹൂബെർട്ട്, മെദ്വദേവിനെ അട്ടിമറിച്ചത്.
ഇന്നാണ് പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടർ അരങ്ങേറുക. നൊവാക് ജോക്കോവിച്ച്, ഷാപോവ്ലോവ്, ഖാചനോവ്, ബെറേട്ടിനി, അഗർ അലിയസിമി തുടങ്ങിയവരും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
പ്ലീഷ്കോവ, അരീന, കെർബർ സെമിയിൽ
ഇന്നലെ നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ വെന്നിക്കൊടി പാറിച്ച് രണ്ടാം സീഡായ ബെലാറസിന്റെ അരീന സബലെങ്ക, എട്ടാം സീഡ് ചെക് താരം കരോളിന പ്ലീഷ്കോവ എന്നിവർ സെമിയിൽ പ്രവേശിച്ചു. ടുണീഷ്യയുടെ ജബ്യൂറിനെ 6-4, 6-3നാണ് അരീന കീഴടക്കിയത്.
പ്ലീഷ്കോവ 6-2, 6-2ന് സ്വീഡന്റെ ഗൊലുബിക്കിനെ മറികടന്നു. 25-ാം സീഡായ ജർമനിയുടെ ആംഗലിക് കെർബർ 19-ാം സീഡായ ചെക്കിന്റെ കരോളിന മുചോവയെയാണു പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-3.