മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് എടിപി റാങ്കിംഗിൽ മുന്നേറ്റം. എടിപി പുറത്തിറക്കിയ പുതിയ പട്ടികയിൽ പത്താം സ്ഥാനത്താണ് ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ തോറ്റെങ്കിലും സ്പാനീഷ് താരം റാഫേൽ നദാലും സ്ഥാനം മെച്ചപ്പെടുത്തി. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ നദാൽ ആറാം റാങ്കിലേക്ക് ഉയർന്നു.
പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആൻഡി മുറെ തന്നെയാണ് ഒന്നാമത്. സെർബിയൻ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണ്. സെമിയിൽ ഫെഡറിനോടാണ് വാവ്റിങ്ക പരാജയപ്പെട്ടത്.
സ്പാനിഷ് താരം റാഫേൽ നദാലിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തകർത്താണ് ഫെഡറർ തന്റെ കരിയറിലെ 18ാം ഗ്രാൻസ്ലാം നേടിയത്.