റോട്ടര്‍ഡാം: പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ടെന്നീസിൽ ആരാധകരുടെ ആവേശമാകുന്ന സ്വിസ് താരം റോജര്‍ ഫെഡററുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. എടിപി റാങ്കിംഗിലെ ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമെന്ന റിക്കാർഡാണ് 36 വയസുകാരനായ ഫെഡറർ പേരിലാക്കിയത്.
റോട്ടര്‍ഡാം ഓപ്പണ്‍ ക്വാർട്ടർ ഫൈനലിലെ ജയത്തോടെയാണ് ഫെഡറർ ചരിത്രം കുറിച്ചത്. ക്വാർട്ടറിൽ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ 4-6, 6-1, 6-1 എന്ന സ്കോറിന് ഫെഡറർ തോൽപ്പിച്ചു.
ഇതിഹാസ താരം ആന്ദ്രേ ആഗസിയുടെ റിക്കാർഡാണ് ഫെഡറർ മറികടന്നത്. 2003ല്‍ 33 വയസും 131 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ആഗസി ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 20 തവണ ഗ്രാന്സ്ലാം സ്വന്തം പേരിലുള്ള ഫെഡററിന് ഇപ്പോൾ 36 വയസും ആറു മാസവുമാണ് പ്രായം.
2004ൽ ഫെബ്രുവരിയിലാണ് ഫെഡറര്‍ ആദ്യമായി റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2008 ഓഗസ്റ്റ് 17 വരെ തുടർച്ചയായി 237 ആഴ്ചകൾ താരം ഒന്നാം സ്ഥാനത്ത് തുടർന്നു. 2012 ഓക്ടോബറോടെ റാങ്കിംഗിൽ താഴെപോയ ഫെഡറർ അതിനുശേഷം ആദ്യമായാണ് ഒന്നാമത് എത്തുന്നത്.