കാലടി: മുൻ എംഎൽഎ ജോസ് തെറ്റയിലിന്റെ തുറന്ന കത്തിലെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റോജി എം.ജോണ് എംഎൽഎ. കഴിഞ്ഞ ദിവസം കാലടിയിൽ നടന്ന പത്രസമ്മേളനത്തിൽ മുൻ എംഎൽഎ താൻ എംഎൽഎ ആയിരുന്ന കാലത്ത് ഭരണാനുമതി ലഭിച്ച ചില പ്രധാന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്നതായും ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ച് തുറന്ന കത്ത് ഇപ്പോഴത്തെ എംഎൽഎയ്ക്കു നൽകുന്നതായി പറഞ്ഞിരുന്നു. ഈ കത്തിലെ പരാമർശങ്ങൾക്കാണ് റോജി എം.ജോണ് മറുപടി നൽകിയത്.
കാലടിയിൽ പെരിയാറിന്റെ തീരത്ത് ശ്രീ ശങ്കരാ പാർക്കിനു അനുമതി നൽകി ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങാൻ സാധിച്ചില്ലായെന്നാണ് മുൻ എംഎൽഎ ജോസ് തെറ്റയിലിന്റെ പ്രധാന ആരോപണം. പദ്ധതി പ്രായോഗികമല്ലെന്നും സാങ്കേതികമായി നടപ്പിൽ വരുത്താൻ സാധിക്കില്ലെന്നും, അതിനാൽ ഈ പദ്ധതി ഒഴിവാക്കി പകരം പദ്ധതികൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് ഭരണസമിതി 2017 ജൂലൈ മാസത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി രേഖാമൂലം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിനു അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷയിൽ ഒരു നിയമസഭാംഗം ശുപാർശ ചെയ്ത് ഭരണാനുമതി നൽകിയ പദ്ധതി മാറ്റാൻ ചട്ടപ്രകാരം കഴിയില്ലെന്ന കാരണത്താൽ, നിരാകരിച്ചത് ധനകാര്യവകുപ്പ് മന്ത്രി തന്നെയാണ്.
സാങ്കേതികമായി നടപ്പിലാക്കാൻ സാധിക്കില്ലായെന്ന് കാലടി പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി തന്നെ പറയുന്പോൾ, അത്തരമൊരു പദ്ധതി ശുപാർശ ചെയ്ത് 100 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിൻറെ ഉത്തരവാദിത്തം ആർക്കാണെന്ന് മുൻ എംഎൽഎ തന്നെ മറുപടി പറയണമെന്ന് റോജി എം.ജോണ് എംഎൽഎ ആവശ്യപ്പെട്ടു. മലയാറ്റൂർ മണപ്പാട്ട്ചിറയ്ക്ക് സമീപമുള്ള കൗതുക പാർക്ക് പദ്ധതിക്ക് 2015 ഓഗസ്റ്റിലാണ് ഭരണാനുമതി ലഭിച്ചത്. ഭരണാനുമതി ലഭിച്ച അന്നുമുതൽ 2016 മാർച്ച് വരെ എം.എൽ.എ. ജോസ് തെറ്റയിൽ ആയിരുന്നു.
ഈ പദ്ധതിക്ക് അനുവദിച്ച എഡിഎഫ്ഫണ്ട് ലഭിച്ചിട്ടില്ലായെന്നും, ഫണ്ടിനെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ നിർവ്വഹണം നിലച്ചതാണെന്നും കാണിച്ച് ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നുണ്ട്.
തുക അനുവദിച്ച് എട്ട് മാസക്കാലം കഴിഞ്ഞിട്ടും പദ്ധതി നിർവഹണത്തിന് ചട്ടപ്രകാരം ആവശ്യമായ ടൂറിസം വകുപ്പും നിർമ്മാണ ഏജൻസിയായ കെല്ലും തമ്മിലുള്ള കരാറുപോലും ഒപ്പിടാതെ, ഫണ്ട് കൈമാറ്റം ചെയ്യാതെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ 2016 മാർച്ചിലാണ് പണി ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫണ്ട് ലഭ്യമാകാത്തതിനാൽ കെൽ പണി നിർത്തി വയ്ക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
എന്നാൽ എംഎൽഎ ആയതിനുശേഷം പദ്ധതിക്ക് ആവശ്യമായ തുക ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഡിടിപിസി മുഖേന പുതുക്കിയ പ്രപ്പോസൽ നിലവിൽ സർക്കാരിൽ സമർപ്പിച്ചതായും റോജി എം.ജോണ് പറഞ്ഞു. കൂടാതെ മണപ്പാട്ടുചിറയോട് ചേർന്ന് മലയാറ്റൂർ കുരിശുമുടി തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനായി സംസ്ഥാന ടൂറിസം വകുപ്പ് വഴി അനുവദിച്ച 2.30 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിലാണെന്നും എംഎൽഎ അറിയിച്ചു.