അമ്പലപ്പുഴ: മരണത്തിൽ നിന്ന് അമ്മുമ്മയെ കൈപിടിച്ചുയയർത്തിയ കൊച്ചുമകന് ധീരതയ്ക്കുള്ള രാഷ്്ട്രപതിയുടെ പുരസ്കാരം.പുന്നപ്ര തെക്ക് പഞ്ചായത്ത് 17- ാം വാർഡ് പുത്തൻപുരക്കൽ റോബർട്ടിന്റെയും ജിൻസി മോളുടെയും മകൻ റോജിൻ (13) നാണ് ധീരതയ്ക്കുള്ള പുരസ്കാരം നേടിയത്.
അമ്മുമ്മ മറിയമ്മയ്ക്കൊപ്പം വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ ഹൗസ് ബോട്ടിന്റെ ഓളത്തിൽ വള്ളം മറിഞ്ഞ് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. തുഴഞ്ഞ് ജലനിരപ്പിനു മുകളിലെത്തിയ റോജിൻ അമ്മൂമ്മയെ കാണാതായതോടെ വീണ്ടും മുങ്ങി അമ്മൂമ്മയുടെ കൈ പിടിച്ച് മറിഞ്ഞ വള്ളത്തിനടുത്തെത്തി.
തുടർന്ന് ഇരുവരും വള്ളത്തിൽ പിടിച്ച് റോജിന്റെ ശ്രമഫലമായി വള്ളം തീരത്തടുപ്പിച്ച് മറിയമ്മയെ കരയിലെത്തിക്കുകയായിരുന്നു. ഇതായിരുന്നു റോജിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2019 ജനുവരി 27ന് രാവിലെ ചെമ്പുമ്പുറത്തെ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ അപ്പൂപ്പന്റെ കുഴികാഴ്ചയ്ക്കു പോകുമ്പോഴായിരുന്നു സംഭവം.
ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.