ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തിനെതിരേ ആഗോളതലത്തിൽ പിന്തുണയേറുന്നതിൽ വിറളി പൂണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. എങ്ങനെയും കർഷക സമരത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ഇപ്പോൾ ദേശീയത ഉയർത്തിപ്പിടിച്ചുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് സോഷ്യൽ മീഡയിയിൽ ഒരു വിഭാഗം വാദിക്കുന്നു.
ഇതിന്റെ ഉദാഹരണായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത് ക്രിക്കറ്റ്, സിനിമാ താരങ്ങൾ കർഷക സമരത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയതാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് പൊടുന്നനെ പ്രത്യക്ഷപ്പെട്ട സമാനരൂപത്തിലുള്ള ട്വീറ്റുകൾ. കേന്ദ്ര സർക്കാറിൽ നിന്നും പിആർ ഏജൻസികളിൽ നിന്നും താരങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സിനിമാ, ക്രിക്കറ്റ് താരങ്ങൾ സംയമനത്തോടെയാണ് ട്വീറ്റുകൾ നൽകിയിരിക്കുന്നത്. കർഷക പ്രശ്നം ഉന്നയിച്ചും എന്നാൽ രാജ്യത്തിന് പുറമേ നിന്നുള്ളവരുടെ ഇടപെടലിനെ വിമർശിച്ചുമാണ് സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വിഷയത്തിൽ ട്വീറ്റുമായി എത്തിയിരുന്നു.
അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ എല്ലാവരും ഐക്യത്തോടെ തുടരണമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നുമാണ് കോഹ്ലി പറഞ്ഞത്.
സിനിമാ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന തുടങ്ങിയവരും ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗണ്ട’ ഹാഷ്ടാഗും ട്വിറ്ററിൽ സജീവമാണ്.