കോഴിക്കോട്: സയനൈഡ് നൽകി കൂടത്തായി പൊന്നാമറ്റം ടോം തോമസ് , ഭാര്യ അന്നമ്മ, മകൻ റോയി തോമസ് എന്നിവരെ കൊലപ്പെടുത്താനുണ്ടായ കാരണങ്ങളും തെളിവുകളും നിരത്തി ഇളയ മക്കളായ റോജോയും , റെഞ്ചിയും. ഇരുവരുടേയും മൊഴികൾ ജോളി തലയാട്ടി സമ്മതിച്ചതോടെ പോലീസിന് ലഭിച്ചത് നിർണായക സാക്ഷി മൊഴികൾ.
കുടുംബത്തിലെ അധികാരം കൈയിൽ വരുന്നതിനും വിദ്യാഭ്യാസം സംബന്ധിച്ച കള്ളത്തരം പിടിക്കപ്പെടാതിരിക്കാനുമാണ് 2002 ൽ ഭർതൃമാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത്. എംകോം ബിരുദമുണ്ടെന്നാണ് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ജോളി എല്ലാവരോടും പറഞ്ഞിരുന്നത്.
50 ശതമാനം മാർക്കേ ഉള്ളൂവെന്നും ജോളി പറഞ്ഞിരുന്നു. എങ്കിൽ ബെറ്റർമെന്റ് നടത്തി യുജിസി എഴുതാൻ അന്നമ്മ നിർബന്ധിച്ചു. ഇതിനായി കോച്ചിംഗിനെന്ന പേരിൽ കോഴിക്കോട്ട് പഠിക്കാൻ പോയി. പിന്നീട് പാല സെന്റ് തോമസ് സ്കൂളിലെ ഹയർസെക്കൻഡറി ഗസ്റ്റ് ലക്ചററായി കിട്ടിയെന്നു പറഞ്ഞ് ഒരു വർഷം പാലായിൽ താമസിച്ചു. ഇതിനിടെ എൻഐടിയിൽ ജോലി കിട്ടിയെന്നു പറഞ്ഞു .
വിദ്യാഭ്യാസം ഉള്ളതിനാൽ വീട്ടിലിരിക്കേണ്ട എന്ന് അന്നമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അമ്മ ജീവിച്ചിരുന്നാൽ കള്ളത്തരം പിടിക്കപ്പെടുമെന്ന് ഉറപ്പായി. ഇതും വീട്ടിലെ സാമ്പത്തിക അധികാരം കൈയാളുക എന്ന ലക്ഷ്യവുമാണ് അന്നമ്മയെ ഇല്ലാതാക്കാൻ കാരണം . മരുമകൾ നൽകിയ സയനൈഡ് ചേർത്ത ആട്ടിൻ സൂപ്പ് കഴിച്ച് അമ്മ നിലത്തു വീണുകിടന്ന് ഉരുളുമ്പോൾ അടുക്കള ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു. തന്നെ ചൂണ്ടിക്കാണിക്കുമെന്ന ഭയത്താൽ അമ്മ മരിക്കുംവരെ ജോളി പുറത്തേക്ക് വന്നില്ല.
.പിതാവിനെ സ്വത്തിനു വേണ്ടി മാത്രമാണ് കൊലപ്പെടുത്തിയത്. ടോം തോമസിന്റെ പേരിലുള്ള രണ്ടേക്കർ ഭൂമി വിറ്റ് 2006ൽ 16 ലക്ഷം രൂപ റോയിക്ക് വീടുവാങ്ങാനായി കൊടുത്തിരുന്നു. പണം ജോളിയുടെ അക്കൗണ്ടിലാണിട്ടത്. അതിനു ശേഷം വീടും വീടിരിക്കുന്ന സ്ഥലവും തട്ടിയെടുക്കാൻ ടോം തോമസിനെ വകവരുത്തി. ഇതിനായി റോയിയേയും പിതാവിനേയും തമ്മിൽ ജോളി തെറ്റിച്ചു.പിതാവിനെതിരെ റോയിയെ ഇളക്കിവിട്ടു. തന്ത്രപൂർവ്വം വ്യാജ ഒസ്യത്ത് തയാറാക്കി പിതാവിന്റെ കള്ള ഒപ്പിട്ടു .
വീടും സ്ഥലവും തന്റെ കാലശേഷം റോയിക്കും ഭാര്യ ജോളിക്കും മാത്രം അധികാരപ്പെട്ടതായിരിക്കും എന്ന വാചകം ഒസ്യത്തിൽ എഴുതി. പിന്നീട് ടോം തോമസിന് സയനൈഡ് നൽകി വകവരുത്തി. റോയിയെ കൊല്ലാൻ പല കാരണങ്ങളുണ്ട്. മദ്യപനായ റോയിയെ ഇല്ലാതാക്കിയാൽ പലരുമായുള്ള ബന്ധം തുടരാമെന്നും ഷാജുവിനെ വിവാഹം ചെയ്യാമെന്നും വീടിന് താൻ മാത്രമാകും അവകാശിയെന്നും ജോളി കരുതി.
അങ്ങനെ റോയിയെ ഇല്ലാതാക്കി. ഷാജുവിനെ പിന്നീട് വിവാഹം ചെയ്തതിൽ ചില സംശയങ്ങളുണ്ട്. വിവാഹത്തിന് ഒത്താശ ചെയ്ത പിതൃസഹോദരൻ സക്കറിയാസിലും സംശയങ്ങളുണ്ട്. ഈ മൊഴികളെല്ലാം ശരിയാണെന്ന് ജോളി തല കുലുക്കി സമ്മതിച്ചു. മൊഴി നൽകൽ ഇന്നലെ പൂർത്തിയാകാത്തതിനാൽ ഇന്നും തുടരും.