ചാലക്കുടി: പ്രളയം കഴിഞ്ഞ് ഒരു വർഷമാകുന്പോഴും റോക്കി ജെയിംസിനെ കുറിച്ചുള്ള ഓർമകൾ പെയ്ത് തീരുന്നില്ല. പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടമായ റോക്കി ജെയിംസിന്റെ ജീവത്യാഗത്തിന് ഇന്ന് ഒരു വയസ് തികയുന്നു.
വല്ലക്കുന്ന് സ്വദേശി ഉൗക്കൻ റോക്കി ജെയിംസ് 2018 ഓഗസ്റ്റ് 15ന് ചാലക്കുടി കൊന്പടിഞ്ഞാമാക്കൽ റോഡിൽ വെള്ളം ഉയർന്നപ്പോൾ വഞ്ചിയിൽ രക്ഷാപ്രവർത്തനം നടത്തുന്പോൾ വഞ്ചി മറിഞ്ഞാണ് റോക്കി ജെയിം സ് മരിച്ചത്.
പ്രളയത്തിൽ അകപ്പെട്ടവരെ വഞ്ചിയിൽ കയറ്റി രക്ഷപ്പെടുത്തുന്പോഴാണ് അത്യാഹിതം സംഭവിച്ചത്.
വഞ്ചിയിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയങ്കിലും റോക്കി ജെയിംസ് മാത്രം തിരിച്ചെത്തിയില്ല. രണ്ടാം ദിവസം റോക്കിയുടെ മൃതദേഹമാണ് ലഭിച്ചത്. ഗ്രാഫിക് ആർട്ടിസ്റ്റായിരുന്ന റോക്കി ജെയിംസ് ജീവിച്ച ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ യുവജനങ്ങൾക്കിടയിലും നാട്ടിലും സജീവസാന്നിധ്യമായിരുന്നു.
റോക്കി ജെയിംസിന്റെ ചരമവാർഷികദിനത്തിൽ റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് കെസിവൈഎം നടത്തുവാനിരുന്ന അഖില കേരള ചിത്രരചന മത്സരം വീണ്ടും പ്രളയഭീതിയിൽ ഓഗസ്റ്റ് 15ൽനിന്നും സെപ്റ്റംബർ ഒന്പതിലേക്ക് മാറ്റിവച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്യും.