അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഒരു മാളിൽ നടന്ന സംഭവമാണ്. അവിടെ പുതുവത്സര ആഘോഷങ്ങളൊക്കെ പരിസമാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതുവർഷ ഷോപ്പിംഗിനായി നിരവധിയാളുകൾ മാളിൽ എത്തിയിരുന്നു.
പെട്ടെന്ന് മാളിലുള്ള ഒരു വാച്ച് കടയിൽനിന്ന് വെടിയൊച്ചപോലത്തെ ഒരു ശബ്ദം കേട്ടു. ആദ്യം എല്ലാവരും ഒന്നു പരിഭ്രമിച്ചെങ്കിലും മത്താപ്പൂ കത്തുന്നത് കണ്ടപ്പോൾ പുതുവർഷ ആഘോഷമാകുമെന്ന് എല്ലാവരും കരുതി. തങ്ങളുടെ കടയിൽ കയറി ആരാണ് മത്താപ്പൂ കത്തിച്ചത് എന്ന് മനസിലാകാതെ കടയുടെ ഉടമയും ജീവനക്കാരും സ്തംബ്ധരായി നിന്നു.
കരിമരുന്നു കലാപ്രകടനമൊക്കെ കഴിഞ്ഞപ്പോൾ കണ്ടു നിന്നവരൊക്കെ കൈയുമടിച്ച് മടങ്ങി. അപ്പോഴാണ് വാച്ചുകടയുടെ ഉടമ ഒരു കാര്യം ശ്രദ്ധിച്ചത്. കടയിൽ പ്രദർശന സ്ഥലത്ത് വച്ചിരുന്ന ഏഴു ലക്ഷം രൂപയുടെ റോളക്സ് ലക്ഷ്വറി വാച്ച് കാണുന്നില്ല. അദ്ദേഹം ഉടൻതന്നെ പോലീസിനെ വിവരമറയിച്ചു. പോലീസ് വന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
കടയിൽ മത്താപ്പൂ പൊട്ടിച്ചയാളുതന്നെയാണ് വാച്ചുമായി കടന്നുകളഞ്ഞത്. വാച്ച് മോഷ്ടിക്കുന്നതിനായി മറ്റുള്ളവരുടെ ശ്രദ്ധതിരിച്ചുവിടാൻ കള്ളൻ കണ്ടെത്തിയ വഴിയായിരുന്നു കരിമരുന്നു കലാ പ്രകടനം. എന്നാൽ ഈ കള്ളനെ തിരിച്ചറിയാൻ കടക്കാർക്കായിട്ടില്ല. മത്താപ്പൂ കത്തിച്ച കള്ളന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ച് ആരെങ്കിലും കള്ളനെ തിരിച്ചറിയുന്നതും കാത്തിരിക്കുകയാണ് പോലീസ്.