ക്വീൻസ്ലാൻഡ്: അഞ്ചു വര്‍ഷത്തോളം കടലിനടിയില്‍ കിടന്ന വാച്ചിന്റെ അവസ്ഥ എന്തായിരിക്കും? ഉപ്പുവെള്ളത്തിൽ കിടന്നു തുരുന്പിച്ചു ദ്രവിച്ചുപോയിരിക്കണം! എന്നാൽ, ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്തുനിന്നു മുങ്ങല്‍ വിദഗ്ധന്‍ മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്സ് വാച്ച് ഏവരെയും വിസ്മയിപ്പിച്ചു കളഞ്ഞു. തുരുമ്പെടുത്തു തുടങ്ങിയിരുന്നെങ്കിലും അതിന്റെ സെക്കന്‍ഡ് സൂചിയുടെ ചലനം നിലച്ചിരുന്നില്ല.
കടലിൽ കാണാതാകുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മിക്കുന്ന ഒരാളായിരുന്നു മാറ്റ് കുഡിഹി. കടലിനടിയിലെ തെരച്ചിലിനിടെ കിട്ടിയ ദ്രവിച്ച വാച്ച് പായൽ നീക്കി പരിശോധിക്കുന്പോഴാണ് അതിന്റെ സെക്കന്‍ഡ് സൂചി ചലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം നിലയ്ക്കാത്ത വാച്ച് കണ്ടെത്തിയതോടെ അതിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാച്ചിന്റെ വിവരങ്ങൾ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. അതോടെ വാച്ച് താരമായി.
അധികം താമസിയാതെ വാച്ചിന്റെ ഉടമയെയും കണ്ടെത്തി. റോയൽ ഓസ്ട്രേലിയൻ നേവിയിൽനിന്നു വിരമിച്ച റിക്ക് ഔട്രിമിന്റേതായിരുന്നു വാച്ച്. ഒരു കടൽയാത്രയിലാണ് അദ്ദേഹത്തിനു വാച്ച് നഷ്ടപ്പെട്ടത്. പതിനെട്ടാം വയസില്‍ സ്വന്തമാക്കിയ ആ വാച്ച് 50 വർഷത്തോളം റിക്ക് ഉപയോഗിച്ചിരുന്നു. അതിനുശേഷമാണു നഷ്ടപ്പെട്ടത്. വാച്ച് കണ്ടെത്തി തിരിച്ചേൽപിച്ച മാറ്റിനു നന്ദി പറഞ്ഞ റിക്ക് തന്റെ ജീവിതകാലം മുഴുവൻ അദ്ദേഹം തന്റെ അടുത്ത സുഹൃത്തായിരിക്കുമെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയും മാറ്റിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടി.