വിഴിഞ്ഞം: പോലീസുകാരെ കടലിൽ ബന്ദിയാക്കിയതിനു പിന്നാലെ അനധികൃത മീൻ പിടിത്തക്കാർക്കെതിരേ സംയുക്ത നടപടിക്കൊരുങ്ങി അധികൃതർ.
തീര സംരഷണ സേന, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് എന്നിവരാണ് സംയുക്ത പരിശോധനയ്ക്കിറങ്ങുന്നത്. ഇന്നലെ തീരദേശ പോലീസിനെ ബന്ദിയാക്കി രക്ഷപ്പെട്ട പതിനാല് പേരെയും രാത്രിയോടെ പിടികൂടി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അറിഞ്ഞ് പരിശോധനയ്ക്കെത്തിയ കോസ്റ്റൽ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റൽ വാർഡനെയുമാണ് ഇന്നലെ മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയത്.
വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എച്ച് അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ബോട്ടുകളിലെത്തി വള്ളത്തെ പിന്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.
ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ 14 മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ സ്ഥലത്ത് എത്തിയ പോലിസ് കയ്യോടെ പിടികൂടി.
പോലീസ് പിന്തുടരുന്നതുകണ്ട് വള്ളത്തിൽ നിന്ന് കടലിൽ ചാടി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരെ വൈകിട്ടോടെ കരയിൽ നിന്നും കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ രാത്രിയോടെയും പിടികൂടിയതായി വിഴിഞ്ഞം കോസ്റ്റൽ പോലീസ് അറിയിച്ചു.
പെരുമാതുറ സ്വദേശികളായ റാഫി (42), റസാക്ക് (48), പെരുമാതുറ റാസി മൻസിലിൽ റാസി (39), വലിയവിളാകം വീട്ടിൽ ഫൈസൽ (33), ശാർക്കര തെരുവിൽ തൈവിളാകം വീട്ടിൽ ഇക്ബാൽ (58), അൻവർ (36), ബഷീർ , അബു താഹിർ (33), നജീബ് (55), കൊല്ലൂർപറമ്പ് കണ്ടക്കടവ് പള്ളിപ്പറമ്പിൽ ഫ്രാൻസിസ് (60), പെരുമാതുറ ശാർക്കര ഫാത്തിമ മൻസിലിൽ അൻസാരി (47), പെരുമാതുറ ശാർക്കര മാഹി മൻസിലിൽ വാഹിദ് (40), എന്നിവരെയാണ് വിഴിഞ്ഞം കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തത്.
വിവരം ലഭിച്ചു
ഇന്നലെ രാവിലെ 10.45ന് പള്ളിത്തുറ ഭാഗത്ത് നിരോധിത റിംഗ് വല ഉപയോഗിച്ച് ട്രോളർ ഉൾപ്പെടെ ഇരുപതോളം വള്ളങ്ങൾ മീൻപിടിക്കുന്നതായി വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിൽ വിവരം ലഭിച്ചു.
ഇതനുസരിച്ച് എഎസ് ഐ അജിത്ത്, സിപി ഒ വിനോദ്, കോസ്റ്റൽ വാർഡൻ സൂസൻ മൈക്കിൾ എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. പോലീസ് വരുന്നത് കണ്ട നിരവധി വള്ളങ്ങൾ രക്ഷപ്പെട്ടു.
കഴക്കൂട്ടം സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ എന്ന തങ്ങൾ വള്ളം നിരോധിത വല ഉപയോഗിച്ച് മീൻ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടു തടഞ്ഞു നിർത്തി.
തുടർന്ന് ഈ മത്സ്യബന്ധന വള്ളത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ കയറി വള്ളം വിഴിഞ്ഞത്ത് അടുപ്പിക്കാൻ നിര്‍ദേശിച്ചു.
ഇത് ചെവിക്കൊള്ളാതിരുന്ന മത്സ്യത്തൊഴിലാളികൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ഇവരുമായി അഞ്ചുതെങ്ങു ഭാഗത്തേക്കു വേഗത്തില്‍ ബോട്ട് ഓടിച്ചു പോയി.
ഇത് ചോദ്യം ചെയ്തപ്പോൾ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും ഇവർ ഭീഷണി മുഴക്കിയതായും ബലപ്രയോഗത്തിലൂടെ ബോട്ട് തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ കൂട്ടത്തോടെ ഇവരെ കീഴടക്കി വള്ളം ഓടിച്ചു പോയതായും പോലീസ് പറഞ്ഞു.
ഇതോടെ ഈ ഉദ്യോഗസ്ഥർ തങ്ങളെ ബന്ദികളാക്കിയ വിവരം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെയാണ് അധികൃതർ കാര്യമറിഞ്ഞത്.
ഉടൻ തന്നെ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റിന്റെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും കടലിൽ തെരച്ചിൽ നടത്തി വള്ളം കണ്ടെത്തി.
പോലീസ് പിന്തുടർന്നത് കണ്ട സംഘം ബോട്ട് പെരുമാതുറ തീരത്തേക്ക് ഇടിച്ച് കയറ്റി. തുടർന്ന് കടലിൽ ചാടി രക്ഷപ്പെട്ട നാലുപേരൊഴികെ ബാക്കി വള്ളത്തിലുണ്ടായിരുന്ന 10പേരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.
ഇവരെ ആദ്യം അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം അവിടെ നിന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കരയിലും
പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയെന്ന വിവരത്തെ തുടർന്ന് വൻപോലീസ് സന്നാഹം കരയിലും നിലയുറപ്പിച്ചിരുന്നു.
പോലീസുകാരുടെ ജോലി തടസപ്പെടുത്തി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും വധശ്രമത്തിനും ഭീഷണിപ്പെടുത്തിയതിനും ട്രോളിംഗ് നിരോധനം ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.