റോള്‍സ് റോയ്‌സ് ഉപയോഗിച്ചുള്ള ഒരു പ്രതികാരം വീട്ടല്‍! റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവറുകള്‍ നീക്കം ചെയ്യാനും അടിച്ചുവാരാനും ഉപയോഗിച്ച് ബ്രിട്ടീഷുകാരുടെ അഹങ്കാരം തീര്‍ത്ത മഹാരാജാ ജയ്‌സിംഗിന്റെ കഥ

ലോകത്തിലെ ഏറ്റവും വിലകൂടിയതും രാജകുടുംബക്കാര്‍ മാത്രം ഉപയോഗിച്ചിരുന്നതുമായ റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവര്‍നീക്കംചെയ്യാനും തൂത്ത് വാരാനും ഉപയോഗിച്ച മഹാരാജാ ജയ്‌സിംഗിന്റെ ചരിത്രം മലയാളികള്‍ ആരുംതന്നെ കേട്ടിട്ടുണ്ടാവില്ല. ഇന്ത്യന്‍ രാജാക്കന്മാര്‍ എത്രത്തോളം അതിസമ്പന്നരും ആര്‍ഭാടപ്രിയരുമായിരുന്നെന്ന് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന റോള്‍സ് റോയ്‌സ് കാറുകളുടെ വിറ്റുവരവ് നോക്കിയാല്‍ മനസ്സിലാകും. ഏകദേശം 20,000 ത്തോളം റോള്‍സ് റോയ്‌സ് കാറുകള്‍ നിമ്മിച്ചതില്‍ 25% ത്തിലധികവും ഇറക്കുമതിചെയ്തുപയോഗിച്ചത് നമ്മുടെ രാജാക്കന്മാരായിരുന്നു. അതായത് ഒരു നാട്ടുരാജാവിന്റെ കയ്യില്‍ കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് റോള്‍സ് റോയ്‌സ് കാറുകളെങ്കിലും അക്കാലത്ത് ഉണ്ടായിരുന്നു. റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി അത് പ്രൗഢിയോടെ കാത്തുസൂക്ഷിക്കാന്‍ അന്നത്തെ രാജാക്കന്മാരെ പ്രേരിപ്പിച്ച ഒരു കാര്യമുണ്ട്. അതിങ്ങനെയാണ്. രാജസ്ഥാനിലെ ആല്‍വാര്‍ രാജ്യത്തെ രാജാവായിരുന്ന മഹാരാജാ ജയ്‌സിംഗ് 1920-ല്‍ ലണ്ടന്‍ സന്ദര്‍ശിക്കുകയുണ്ടായി.

വലിയസുരക്ഷാഭീഷണികളൊന്നും നിലനില്‍ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ലണ്ടന്‍ തെരുവുകള്‍ ചുറ്റിക്കാണാനായിറങ്ങി. നടന്നുനടന്ന് അദ്ദേഹം ഒരു റോള്‍സ് റോയ്‌സ് കാര്‍ ഷോറൂമിലെത്തി. വര്‍ണ്ണവൈവിദ്ധ്യം ബ്രിട്ടീഷ് മനസ്സുകളില്‍ കൊടികുത്തിവാണകാലമായിരുന്നു അത്. ആ ഷോറൂമിലെ സെയില്‍സ്മാനാകട്ടെ ഈ വര്‍ണ്ണവെറിയുടെ ആള്‍രൂപവും. പുതിയ മോഡല്‍ റോയ്‌സ് കാറുകള്‍ കണ്ട മഹാരാജാ ജയ്‌സിംഗ് കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ ബ്രിട്ടീഷ് സെയില്‍സ്മാന്‍ അദ്ദേഹത്തെ വാക്കുകള്‍കൊണ്ട് അപമാനിച്ചു. തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാന്‍ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ മഹാരാജാ ജയ്‌സിംഗ് റോള്‍സ് റോയ്‌സ് ഷോറൂമിലേക്ക് തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയവിരുന്നിനായി പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂര്‍വ്വം റെഡ്കാര്‍പ്പെറ്റ് വിരിച്ച് റോള്‍സ് റോയ്‌സ് അധികൃതര്‍ സ്വീകരിച്ചു.

മഹാരാജാ ജയ്‌സിംഗ് ഷോറും മാനേജരോട് ഇവിടെ എത്ര റോള്‍സ് റോയ്‌സ് കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് ഏഴ് റോള്‍സ് റോയ്‌സ് കാറുകളും താന്‍ വാങ്ങുന്നതായി പറഞ്ഞു. പക്ഷേ ഒരൊറ്റ നിബന്ധനമാത്രം. തന്നെ അപമാനിച്ച സെയില്‍സ്മാനെ കാറുകളോടൊപ്പം ഇന്ത്യയിലേക്കയക്കണം. സന്തോഷപൂര്‍വ്വം മാനേജര്‍ അത് സമ്മതിക്കുകയും ചെയ്തു. മാസങ്ങള്‍ക്കകം ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ആല്‍വാര്‍ കൊട്ടാരത്തിന് മുന്നില്‍ പ്രൗഢിയോടെ നിരന്നുകിടന്നു. ഒപ്പം രാജാവിനെ അപമാനിച്ച സെയില്‍സ്മാനും സന്തോഷപൂര്‍വ്വം അവിടെ നില്‍പ്പുണ്ടായിരുന്നു. തന്റെ രാജസഭയില്‍നിന്നും പുറത്തെത്തിയ മഹാരാജാ ജയ്‌സിംഗ് എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്തുവാരാനും ഉപയോഗിക്കുവാന്‍ ഉത്തരവിട്ടു.

ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്നതുമായ റോള്‍സ് റോയ്‌സ് കാറുകള്‍ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയില്‍ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെയും റേഡിയോകളിലൂടെയും ലോകം മുഴുവനറിഞ്ഞു. റോള്‍സ് റോയ്‌സ് ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടത്. വിദേശങ്ങളില്‍ റോള്‍സ് റോയ്‌സ് വാങ്ങിക്കാന്‍ പോയവരെയെല്ലാം ഇന്ത്യയില്‍ ചവറുവാരുന്ന കാര്‍ വാങ്ങിക്കുന്ന വിഡ്ഡി എന്ന് മറ്റുള്ളവര്‍ കളിയാക്കാന്‍ തുടങ്ങി. ആഗോളതലത്തില്‍ റോള്‍സ് റോയ്‌സിന്റെ വിറ്റുവരവും കുറഞ്ഞു. ഒടുവില്‍ ബ്രിട്ടീഷ് അധികൃതര്‍ വഴി റോള്‍സ് റോയ്‌സ് കമ്പനി മാപ്പെഴുതി നല്‍കുകയും പകരമായി ആറ് പുതിയകാറുകള്‍കൂടി നല്‍കാമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മഹാരാജാ ജയ്‌സിംഗ് ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന എല്ലാ ഏഴ് റോള്‍സ് റോയ്‌സ് കാറുകളും തിരിച്ച് കൊട്ടാരത്തിലെത്തിച്ച് പ്രൗഢിയോടെ സൂക്ഷിക്കുകയും ചെയ്തു എന്നുമാണ് ചരിത്രം.

 

Related posts