റോം: ഒടുവിൽ ആ അദ്ഭുതം സംഭവിച്ചു. കരുത്തരായ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപിച്ച് ഇറ്റാലിയൻ ക്ലബ് എഎസ് റോമ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ ആദ്യപാദക്കളിയിൽ ബാഴ്സയോടു 4-1ന്റെ തോൽവി റോമ ഏറ്റുവാങ്ങിയിരുന്നു. രണ്ടാം പാദത്തിലെ വമ്പൻ ജയത്തോടെ അഗ്രിഗേറ്റ് സ്കോർ 4-4 ആയി. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തിൽ റോമ അവസാന നാലിൽ കടക്കുകയായിരുന്നു.
സ്വന്തം മൈതാനമായ സ്റ്റാഡിയോ ഒളിമ്പിയാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ എഡിൻ സീക്കോയിലൂടെ റോമ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റിയിലൂടെ ഡാനിയേൽ ഡി റോസി(58-ാം മിനിറ്റ്) റോമയുടെ ലീഡുയർത്തി.
82-ാം മിനിറ്റിൽ ബാഴ്സയുടെ നെഞ്ച് പിളർന്നു കോസ്റ്റസ് മനോലസ് റോമയുടെ മൂന്നാം ഗോളും നേടി. മെസിയും ഇനിയേസ്റ്റയും അടക്കമുള്ള വന്പൻ താരങ്ങൾ ഉണ്ടായിട്ടും ഒരു ഗോൾ പോലും മടക്കാൻ ബാഴ്സയ്ക്ക് സാധിച്ചില്ല.
1983/84 സീസണിന് ശേഷം ആദ്യമായാണ് റോമ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ക്വാർട്ടർ ആദ്യപാദത്തിൽ എഡിൻ സീക്കോ നേടിയ എവേ ഗോളാണ് റോമയെ സെമിയിൽ എത്തിച്ചത്.