തൃശൂർ: താരകങ്ങൾ മിന്നുന്ന നിശാ വാണിജ്യോത്സവത്തിനു കളമൊരുക്കാൻ സിനിമാതാരങ്ങൾ ചൂലുമായെത്തി. വെള്ളിത്തിരയിലെ താരങ്ങൾ തൃശൂർ ശക്തൻ തന്പുരാൻ നഗർ ബസ്് സ്റ്റാൻഡിൽ ചൂലും കുട്ടയുമായി എത്തിയപ്പോൾ യാത്രക്കാരും കടകളിലുമുണ്ടായിരുന്നവർ അന്പരന്നു.
പതിനെട്ടാംപടി ഫെയിം അക്ഷയ്, അഡാർ ലൗ താരം നൂറിൽ ഷെറിഫ്, ജൂണ്‍ ഫെയിം ഫാഹിം, റോമ, വൈശാഖ്, സംവിധായകൻ പ്രവീണ്‍, നിർമാതാവ് ജിൻസ് തുടങ്ങിയരാണ് ശുചീകരണ യജ്ഞത്തിനിറങ്ങിയത്. ഈ മാസം 15 നു തൃശൂരിൽ ആരംഭിക്കുന്ന ഹാപ്പി ഡേയ്സ് തൃശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനു മുന്നോടിയായാണ് താരങ്ങളുടെ ശുചീകരണ പരിപാടി ഒരുക്കിയത്.
തൃശൂരിൽ ഷൂട്ടിംഗ് നടക്കുന്ന “വെള്ളേപ്പം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കുന്ന താരങ്ങളും പ്രവർത്തകരുമാണ് തൃശൂരിന്റെ ഉത്സവത്തിനു ശുചീകരണ സന്ദേശവുമായി എത്തിയത്. നഗരത്തിൽ തിരക്കു തുടങ്ങുന്നതിനുമുന്പ് രാവിലെ എട്ടോടെ ശക്തൻ ബസ് സ്റ്റാൻഡ്് പരിസരത്ത് ഇറങ്ങിയ താരങ്ങൾക്കു സംരക്ഷണവുമായി പോലീസും എത്തി. ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂറോളം താരങ്ങൾ ശുചീകരണം നടത്തി. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നിലേക്ക് ചവറുകൾ നീക്കി.
വേസ്റ്റ് ബിൻ ഉപയോഗിക്കണമെന്നു താരങ്ങൾ സന്ദേശം നല്‍കുകയും ചെയ്തു. തൃശൂരിലെ വാണിജ്യോത്സവം കേരളത്തിനു മാതൃകയാകുന്ന ഷോപ്പിംഗ് ഫെസ്റ്റിവലാകുമെന്നു നടി നൂറിൽ ഷെരീഫ് പറഞ്ഞു. അബ്ദുൾ റസാക്ക് സ്വാഗതം പറഞ്ഞു.