
പ്രണയം ആര്‍ക്ക് ആരോട് എപ്പോള്‍ തോന്നുമെന്ന് പറയാനാകില്ല. ഇത്തരത്തില്‍ വനിതാ മജിസ്ട്രേറ്റിനോടു തോന്നിയ പ്രണയം അഭിഭാഷകനെ അവസാനം കൊണ്ടെത്തിച്ചത് ജയിലിലും. വനിതാ മജിസ്ട്രേറ്റിന് പിന്നാലെ പ്രണയ സന്ദേശവും ആശംസാ കാര്‍ഡുമായി നടന്ന അഭിഭാഷകന്റെ പ്രണയം കോടതി മുറിയിലെ കണ്ണിറുക്കലിലെത്തിയതോടെയാണ് കൈവിട്ടു പോയത്. മട്ടന്നൂര്‍ ബാറിലെ അഭിഭാഷകന് സാബു വര്‍ഗീസാ(52)ണ് പ്രണയരോഗത്തെത്തുടര്ന്ന് ജയിലില്‍ ചികിത്സ തേടിയത്.
കോടതി നടക്കുന്നതിനിടെ മജിസ്ട്രേറ്റിനെ അംഗവിക്ഷേപങ്ങളിലൂടെ ആക്ഷേപിച്ചുവെന്നാണ് കേസ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെക്കന്‍ ജില്ലക്കാരിയായ വനിതാ മജിസ്ട്രേറ്റ് അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയില്‍ മജിസ്ട്രേറ്റായി വന്നതോടെയാണ് പ്രണയകഥ ആരംഭിക്കുന്നത്. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയം തുറന്നുപറയാനും ഇയാള്‍ മടിച്ചില്ല.
എന്നാല്‍ ഇയാളുടെ പ്രണയം അഭിഭാഷക നിഷ്ക്കരുണം തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ‘വിടില്ല ഞാന്‍’ എന്ന രീതിയില്‍ ഇയാള്‍ പിറകെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. മൊബൈല്‍ ഫോണിലൂടെ പ്രണയ സന്ദേശങ്ങള്‍ അയക്കുക, പ്രണയ കാര്‍ഡുകള്‍ അയക്കുക തുടങ്ങിയവയായിരുന്നു അഭിഭാഷകന്റെ പ്രണയ രീതി.
ശല്യം സഹിക്കാതെ വന്നപ്പോള്‍ ഒടുവില്‍ വനിതാ മജിസ്ട്രേറ്റ് ബാര്‍ അസോസിയേഷനെ സമീപിച്ചു. ബാര്‍ അസോസിയഷന് വക്കീലിനെ വിളിച്ച് ശാസിക്കുകയും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ അതിനോടകം പ്രണയം തലയ്ക്കു പിടിച്ച ഇയാള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. അഭിഭാഷകന്റെ പ്രണയലീലകള്‍ കോടതി മുറിയിലേക്കും നീണ്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. കോടതിമുറിയില്‍ കണ്ണിറുക്കല്‍ പതിവായതോടെ വനിതാ മജിസ്ട്രേറ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോടതി പ്രവര്‍ത്തിക്കുന്നതിനിടെ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയതിനാണ് 52കാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോടതി പ്രവര്‍ത്തിക്കുന്ന സമയത്ത് കോടതി മുറിയില്‍ വച്ച് ട്രയല്‍ നടന്നുകൊണ്ടിരിക്കേ മജിസ്ട്രേറ്റിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുന്ന തരത്തില്‍ ലൈംഗിക തൃഷ്ണയോടെ ആംഗ്യങ്ങള്‍ കാട്ടിയതായാണ് പരാതി.
ആരോപണ വിധേയനായ അഭിഭാഷകനെ കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന് അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രണയത്തിന്റെ ഓരോരോ പാര്‍ശ്വഫലങ്ങളോ…