വി.ശ്രീകാന്ത്
കാലം മാറി കോലം മാറി ഇപ്പോൾ പ്രേക്ഷകരുടെ മനസും മാറിയിരിക്കുകയാണ്. ഈ വർഷം ഇതിനോടകം 30 ലേറെ ചിത്രങ്ങൾ തീയറ്റർ കണ്ട് മടങ്ങി.
വന്നു, വന്നപോലെ പോയി എന്ന മട്ടിൽ വെറുമൊരു തീയറ്റർ സന്ദർശനം മാത്രമായി സിനിമകൾ മാറി തുടങ്ങി. അതിന് കാരണക്കാരനാരാണ്. കോവിഡ് കാലം കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ് അടപടലം മാറിയിട്ടുണ്ട്.
വെബ് സീരിയലുകളിലേക്കും ഒടിടി സിനിമകളിലേക്കുമെല്ലാം അവർ മെല്ലേ ചെക്കേറി. ഇത്രയും പൈസയും മുടക്കി തിയറ്ററിൽ പോയി സിനിമ കാണേണ്ട കാര്യമുണ്ടോ…
ഒന്നോ രണ്ടോ മാസം കഴിയുന്പോൾ കുറച്ചെങ്കിലും കൊള്ളാവുന്ന പടങ്ങൾ ഒടിടിയിൽ വരും… എന്നാൽ പിന്നെ അത് വീട്ടിലിരുന്നോ, ഫോണിലോ കണ്ടാൽ പോരേ എന്നായിട്ടുണ്ട് ചിന്തകളുടെ പോക്ക്.
ഇതൊക്കെ കാണുന്പോൾ നെഞ്ച് പിടയുന്നത് മലയാള സിനിമ പ്രവർത്തകരുടെയാണ്… പ്രത്യേകിച്ച് നിർമാതാക്കളുടെ.
ഒരേ ഒരു രോമാഞ്ചം
ഈ വർഷം ഒരെയോരു ചിത്രം മാത്രമാണ് ചിരിനിറച്ച് പ്രേക്ഷകരെ കൈയിലെടുത്തത്. രോമാഞ്ചത്തിൽ സൗബിൻ ഷാഹിറും സംഘവും ഓജോ ബോർഡുമായി എത്തി ഓരോ പ്രേക്ഷകനെയും അവരുടെ ബോർഡിനുള്ളിലേക്ക് വരുത്തി ചിരി സമ്മാനിച്ച് വിടുകയായിരുന്നു.
ത്രില്ലർ വിഭാഗത്തിലും അല്ലാതെയുമെല്ലാം ചിത്രങ്ങൾ നിരനിരയായി തീയറ്ററിൽ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ തീയറ്ററിലേക്ക് അടുപ്പിക്കാൻ ഈ ചിത്രങ്ങൾക്കൊന്നും തന്നെ സാധിക്കുന്നില്ല.
ഓൺലൈൻ മീഡിയകളിലും അല്ലാതെയും ചിത്രം ഇറങ്ങുന്നതിന് മുന്പ് പബ്ലിസിറ്റി സ്റ്റണ്ട് ആവോളം നടക്കുന്നുണ്ടെങ്കിലും അതൊന്നും അങ്ങ് ഏൽക്കാത്ത മട്ടാണ്. തീയറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടിയ ഒരൊറ്റ ചിത്രമാത്രമേ ഇതിനോടകം പിറന്നിട്ടുള്ളു. അത് രോമാഞ്ചമാണ്.
മനസ് പിടികിട്ടാതെ
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, ജോജു ജോർജ് ചിത്രം ഇരട്ട, വിനീത് ശ്രീനിവാസൻ ചിത്രം തങ്കവുമെല്ലാം നിരൂപക പ്രശംസ നേടിയിട്ടും തീയറ്ററിൽ വലിയ ചലനം ഉണ്ടാക്കാതെയാണ് കടന്ന് പോയത്. മോഹൻലാൽ ചിത്രം എലോൺ ഒടിടി റിലീസ് ആയിരുന്നെങ്കിലും നിരൂപകരുടെ കനത്ത വിമർശനം ഏറ്റുവാങ്ങി ഒരു മൂലയിൽ ഒതുങ്ങി കൂടി.
കോവിഡ് കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ് ത്രില്ലറിൽ നിന്നും സീരിയസ് സിനിമകളിൽ നിന്നുമെല്ലാം വഴിമാറി ചിരിയാഘോഷങ്ങൾക്കായാണ് കാത്തിരിക്കുന്നത്.
എന്നാൽ ചിരി നിറച്ചതെന്ന് അവകാശപ്പെടുന്ന സിനിമകളിലെ ചിരി പ്രേക്ഷകരെ ചിരിപ്പിക്കാതെ വരുന്പോൾ അവർ വെബ്സീരിയസിലേക്കും ഒടിടി പ്ലാറ്റ് ഫോമുകളിലേക്കുമെല്ലാം ചെക്കേറുക സ്വഭാവികം മാത്രം.
പ്രേക്ഷകർ ശരിക്കും മാറി ആസ്വാദന തലവും പക്ഷേ സിനിമകൾ അതിന് അനുസരിച്ച് മാറുന്നില്ലെന്നതാണ് വാസ്തവം.
ഒടിടി ഹിറ്റ്
സാറ്റലൈറ്റ് വാല്യുവുള്ള സിനിമകൾ എടുക്കാൻ ശ്രമിച്ചിരുന്ന ഇടത്തു നിന്നും ഇപ്പോൾ ഒടിടി വാല്യു ഉള്ള സിനിമ കൂടി ചെയ്യൂ എന്ന നിലയിലേക്ക് പ്രോഡ്യൂസർമാരുടെ നിലപാട് മാറിയിട്ടുണ്ട്.
തിയറ്ററിൽ കളക്ഷൻ കിട്ടിയില്ലെങ്കിലും ഒടിടിയിലൂടെ രക്ഷപ്പെടാമെന്ന തരത്തിലേക്ക് ചിന്തകൾ സഞ്ചരിക്കുകയാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും അതിന് അനുസരിച്ച് അവരുടെ ചിന്തകൾക്ക് മൂർച്ച കൂട്ടി തുടങ്ങിയിട്ടുണ്ട്.
ഒടിടിയിൽ മാത്രം ചിത്രം ഇറക്കി പണം കൊയ്യുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. കോവിഡ് കാലത്ത് ഇന്ദ്രൻസിന്റെ ഹോം സിനിമ ഒടിടിയിലൂടെ ശ്രദ്ധനേടിയതോടെ തീയറ്ററിൽ ഹിറ്റടിച്ചില്ലേലും കുഴപ്പമില്ല ഒടിടിയിലെങ്കിലും ഹിറ്റടിക്കണമെന്ന ചിന്ത സിനിമ പ്രവർത്തകരുടെ തലയ്ക്കുള്ളിൽ കയറി കൂടിയത്.
തീയറ്ററിൽ ഹിറ്റ് പടങ്ങളൊന്നും ഇപ്പോൾ കളിക്കുന്നില്ലെങ്കിലും അലക്സാണ്ടർ പ്രശാന്ത് നായകനായി എത്തിയ പുരുഷ പ്രേതം നിരൂപക പ്രശംസ നേടി ഒടിടി ഹിറ്റെന്ന നിലയിൽ വീടുകളിൽ പ്രദർശനം തുടരുകയാണ്.