ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ഇറ്റാലിയൻ ലീഗിൽ സമനില. യുവന്റസിനെ 1-1ന് വെറോണ സമനിലയിൽ കുരുക്കുകയായിരുന്നു. ലീഗിൽ യുവന്റസിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്.
ആന്ദ്രേ ഫവില്ലി(60-ാം മിനിറ്റ്) ആണ് വെറോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. പകരക്കാരനായെത്തിയ കുലുസവേസ്കി 77-ാം മിനിറ്റിൽ യുവന്റസിന്റെ സമനില ഗോൾ നേടി. വലതുവിംഗിലൂടെ കുതിച്ച കുലുസവ്സ്കി ഇടംകാലൻ സ്ട്രൈക്കിലൂടെ വലകുലുക്കുകയായിരുന്നു.
ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ്. അതേസമയം, വെറോണ എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ട്.