റിയോ ഡി ഷാനെറോ: ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി ബ്രസീലിയൻ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. ബിയാട്രിസ് സൂസ, പ്രിസില്ല കൊയ്ലോ എന്നിവരുമായാണ് ഓഗസ്റ്റിൽ റൊണാൾഡീഞ്ഞോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
2016-ലാണ് ബിയാട്രിസിനെ റൊണാൾഡീഞ്ഞോ ഡേറ്റ് ചെയ്തു തുടങ്ങുന്നത്. എന്നിരുന്നാലും പ്രിസില്ലയുമായി മുന്‍പുണ്ടായിരുന്ന ബന്ധം തുടരുകയും ചെയ്തു. പ്രിസില്ലയോടു വർഷങ്ങൾക്കു മുന്‍പുതന്നെ റൊണാൾഡീഞ്ഞോ വിവാഹാഭ്യർഥന നടത്തിയിരുന്നു.
ഡിസംബർ മുതൽ പ്രിസില്ലയും ബിയാട്രിസും റൊണാൾഡീഞ്ഞോയ്ക്കൊപ്പം റിയോ ഡി ഷാനെറോയിലെ ബംഗ്ലാവിലാണു കഴിഞ്ഞിരുന്നത്. ഇവരെ രണ്ടു പേരെയും റൊണാൾഡീഞ്ഞോ ഉടൻ വിവാഹം ചെയ്യുമെന്ന് ബ്രസീലിലെ ഒ ഡിയ പത്രമാണു റിപ്പോർട്ട് ചെയ്തത്.
മുൻ ലോക ഫുട്ബോളറായ റൊണാൾഡീഞ്ഞോ, ജനുവരിയിൽ പ്രിസില്ലയോടും ബിയാട്രിസിനോടും വീണ്ടും വിവാഹാഭ്യർഥന നടത്തിയെന്നും ഇരുവരെയും ഒരുമിച്ചു വിവാഹം ചെയ്യുമെന്നും ഒ ഡിയ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഭാര്യമാരാകുന്ന രണ്ടു യുവതികൾക്കും 1500 യൂറോ വീതം റൊണാൾഡീഞ്ഞോ നൽകുമെന്നും റിപ്പോർട്ടിലുണ്ട്.