മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിനു നിർണായക ജയമൊരുക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കാണുന്പോൾ, റൊണാൾഡോ ഡാ എന്നല്ലാതെ എന്തു വിളിച്ചുപറയും?
കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയലിനോടു തോറ്റതിനു പിന്നാലെ ഒരിക്കൽക്കൂടി സ്പാനിഷ് ക്ലബ്ബിനു മുന്നിൽ നിരാശപ്പെടേണ്ടിവരുമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയവും ആശ്വാസവും നൽകിയ ഗോളായിരുന്നു 90+5ാം മിനിറ്റിൽ പിറന്നത്.
യുവേഫ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ പിന്നിൽനിന്നു ശക്തമായി തിരിച്ചുവന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ 2-1നു വിയ്യാറയലിനെ തകർത്തു.
ചാന്പ്യൻസ് ലീഗിലെ 178-ാം മത്സരത്തിനിറങ്ങിയ റൊണാൾഡോ, ലീഗിൽ ഏറ്റവും കൂടുതൽ മത്സരത്തിനിറങ്ങിയ കളിക്കാരനെന്ന റിക്കാർഡ് സ്വന്തമാക്കി. 177 മത്സരം കളിച്ച ഇകർ കസിയസിന്റെ പേരിലുള്ള റിക്കാർഡാണു റൊണാൾഡോ പഴങ്കഥയാക്കിയത്. ഈ ഗോളിലൂടെ താരം പല റിക്കാർഡുകളും സ്വന്തമാക്കി.
ചാന്പ്യൻസ് ലീഗ് കരിയറിൽ റൊണാൾഡോയുടെ 41-ാമത്തെ വിജയഗോളായിരുന്നു. പോർച്ചുഗീസ് താരത്തിനു പിന്നിൽ 38 ഗോളുകളുള്ള ലയണൽ മെസിയല്ലാതെ മറ്റാരുമില്ല. ചാന്പ്യൻസ് ലീഗിൽ 90-ാം മിനിറ്റിലോ അതിനുശേഷമോ (എക്സ്ട്രാ ടൈം ഉൾപ്പെടെ) നേടുന്ന 12-ാമത്തെ ഗോളായിരുന്നു.
രണ്ടാംസ്ഥാനത്ത് ആറു ഗോളുള്ള മെസിയാണുള്ളത്. 36 വർഷവും 236 ദിവസവും പ്രായമുള്ള റൊണാൾഡോ യുണൈറ്റഡിനായി യൂറോപ്യൻ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെയാളായി.
ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 90-ാം മിനിറ്റിൽ വിജയഗോൾ മൂന്നാം തവണയാണു റൊണാൾഡോ നേടുന്നത്. ഇത്രതന്നെ ഗോളുകളുള്ള സെർജിയോ അഗ്വേറോയും ഒപ്പമുണ്ട്.
ചാന്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ യംഗ് ബോയ്സിനോടു തോറ്റതുൾപ്പെടെ കഴിഞ്ഞ നാലു കളിയിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട യുണൈറ്റഡിന് ഒരിക്കൽക്കൂടി ജയമില്ലാതിരിക്കുന്നതു ചിന്തിക്കാൻ പറ്റുന്നതായിരുന്നില്ല.
പ്രതിരോധത്തിൽ പാളിച്ച നേരിട്ട യുണൈറ്റഡിനെതിരേ ശക്തമായി ആക്രമണം നടത്താൻ ആദ്യപകുതിയിലൂടനീളം വിയ്യാറയലിനായി. ഡേവിഡ് ഡി ഗിയയുടെ രക്ഷപ്പെടുത്തലുകൾ യുണൈറ്റഡിനെ തുണച്ചു. രണ്ടാം പകുതിയിൽ വിയ്യാറയൽ അർഹിച്ച ഗോൾ നേടി. പാകോ അൽകാസർ 53-ാം മിനിറ്റിൽ സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചു.
ഏഴു മിനിറ്റ് കഴിഞ്ഞ് യുണൈറ്റഡ് തിരിച്ചടിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽനിന്ന് അലക്സ് ടെല്ലാസ് തൊടുത്ത പന്ത് വലയിൽ തറച്ചു. വിജയഗോൾ നേടാനുള്ള അവസരം എഡിൻസണ് കവാനി പാഴാക്കി. മറുവശത്ത് ബൗലേയ് ഡിയയും അവസരം നഷ്ടമാക്കി. കളി ഇഞ്ചുറി ടൈമിലെത്തി.
ഫ്രെഡ് നൽകിയ ഒരു ക്രോസ് റൊണാൾഡോയ്ക്കു ലഭിച്ചു. റൊണാൾഡോ അതു ജെസെ ലിൻഗാർഡിനു മറിച്ചുനൽകി. ലിൻഗാർഡ് തിരിച്ചു റൊണാൾഡോയ്ക്കു കൊടുത്തു; സൂപ്പർതാരം വലകുലുക്കി. ജഴ്സി ഊരി ഗോൾ ആഘോഷിച്ച റൊണാൾഡോയ്ക്കു മഞ്ഞക്കാർഡും ലഭിച്ചു.
യൂറോപ്യൻ പോരാട്ടത്തിൽ പതിനേഴു മത്സരത്തിനുശേഷമാണ് വിയ്യാറയൽ തോൽക്കുന്നത്. ഈ തോൽവിക്കു മുന്പു വരെ 12 ജയവും അഞ്ച് സമനിലയുമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അത്ലാന്ത 1-0ന് യംഗ് ബോയ്സിനെ തോല്പിച്ചു. ജയത്തോടെ അത്ലാന്ത നാലു പോയിന്റുമായി ഒന്നാമതും മൂന്നു പോയിന്റ് വീതമായി യംഗ് ബോയ്സും യുണൈറ്റഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്.