ആഭ്യന്തര യുദ്ധങ്ങളും അതിന്റെ തിക്തഫലങ്ങളും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് സിറിയ. ഇത്തരം പ്രശ്നങ്ങളുടെയെല്ലാം ഇരകളാകുന്നത് കുഞ്ഞുങ്ങളാണെന്നതും ശ്രദ്ധേയം.
സിറിയയിലെ കുരുന്നുകള്‍ക്ക് സാന്ത്വനവും പിന്തുണയുമായി ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയിരിക്കുകയാണ്. പ്രതീക്ഷ കൈവിടരുതെന്നും താനും ലോകവും ഒപ്പമുണ്ടെന്നുമാണ് പോര്‍ച്ചുഗല്‍ നായകന്റെ പ്രതികരണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റോണോ സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടിയാണ് ഇതെന്ന് പറഞ്ഞാണ് റോണോയുടെ വീഡിയോ തുടങ്ങുന്നത്.
‘ ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ട്. ഞാന്‍ ലോക പ്രശസ്തനായ ഫുട്ബോള്‍ താരമാണ്. പക്ഷേ നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍. നിങ്ങള്‍ പ്രതീക്ഷ കൈവിടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെല്ലാം നിങ്ങളുടെ കാര്യത്തില്‍ ജാഗരൂകരാണ്.’ ഇതാണ് തന്റെ വീഡിയോയിലൂടെ റോണോ പറയുന്നത്.
‘ സേവി ദി ചില്‍ഡ്രന്‍’ എന്ന സംഘടനയുടെ അംബാസിഡറാണ് റൊണോള്‍ഡോ. സിറിയയിലെ കുട്ടികളുടെ ക്ഷേമത്തിനായി റോണോ വലിയൊരു തുക സംഭാവനയും നല്‍കിയിട്ടുണ്ട്.
അഞ്ച് വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 3.1 ലക്ഷം പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്.