തന്നെപ്പോലെ തന്നെ ലോകം അറിയുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഫുട്ബോളറായി മകനെ കാണാനാണ് തന്റെ ആഗ്രഹമെന്ന് ക്രിസ്റ്റ്യാനോ റോണാള്‍ഡോ വെളിപ്പെടുത്തി. ഒരു അന്താരാഷ്ട്ര മാഗസിനു നല്കിയ അഭിമുഖത്തിലാണ് റോണാള്‍ഡോ മനസ് തുറന്നത്.
എന്നാല്‍ താന്‍ ഒരു കാര്യത്തിനും അവനെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യില്ലെന്നും റോണാള്‍ഡോ പറഞ്ഞു. എന്നാല്‍ പിതാവെന്ന നിലയില്‍ തന്നെപ്പോലെ തന്നെ മികച്ച ഫുട്ബോള്‍ കളിക്കാരനാകാന്‍ താന്‍ അവനെ പ്രേരിപ്പിക്കും. ഫുട്ബോളിനോട് അവന് താത്പ്പര്യം കാണിക്കുകയാണെങ്കില്‍ ഒരിക്കലും അവനെ ഗോള്‍കീപ്പറാക്കില്ല. മുന്നേറ്റനിരയില്‍ കളിയ്ക്കാനാകും പ്രേരിപ്പിക്കുക.റൊണാള്‍ഡോ തുറന്നു പറഞ്ഞു.
എന്റെ വിജയത്തില്‍ അസൂയാലുക്കളാകുന്നവരുണ്ട്. അത്തരക്കാര്‍ എന്റെ മകനേപ്പോലും വെറുതേ വിടാറില്ല. കുട്ടിയാണെന്ന പരിഗണനപോലും അവര്‍ അവന് നല്‍കാറില്ല. എന്നോടുള്ള ദേഷ്യം എന്റെ മകനിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍. നിന്റെ അച്ഛനേക്കാള്‍ മികച്ച കളിക്കാരുണ്ടെന്ന് അവനോട് പലരും പറയാറുണ്ട്. എന്നാല്‍ അത്തരക്കാരെ നേരിടേണ്ടതെങ്ങനെയെന്ന് അവന് നന്നായറിയാം. ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.