മാഡ്രിഡ്: അഞ്ചു മത്സരങ്ങളിൽനിന്ന് വിലക്കിയ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. തനിക്കെതിരായ പ്രതികാരനടപടിയാണിതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ഈ സാഹചര്യം നേരിടുക അസാധ്യമാണ്. നടപടി അതിശയോക്തിപരവും പരിഹാസ്യവുമാണ്.
തന്നെ പിന്തുണച്ച ടീം അംഗങ്ങൾക്കും ആരാധകർക്കും നന്ദി പറയുന്നതായും ക്രിസ്റ്റ്യാനോ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ക്രിസ്റ്റ്യാനോ അച്ചടക്കനടപടിക്കെതിരെ ആഞ്ഞടിച്ചത്. അഞ്ചു മത്സരങ്ങളില്‍നിന്നു വിലക്കിയ നടപടിക്കെതിരെ ക്രിസ്റ്റ്യാനോ അപ്പീൽ നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല. ഇതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം.
വിലക്കിനെ തുടർന്ന് സ്പാനിഷ് സൂപ്പര്‍ കപ്പിലെ രണ്ടാം പാദ മത്സരവും നാല് ലാ ലിഗ മത്സരവും റൊണാൾഡോയ്ക്ക് നഷ്ടമാകും. സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യ പാദ മത്സരത്തിനിടെ റൊണാൾഡോ റഫറിയെ തള്ളിയതാണ് ശക്തമായ നടപടിയുണ്ടാകാൻ കാരണമായത്. ബാഴ്സലോണയ്ക്കെതിരേയുള്ള കളിയിൽ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ച ക്രിസ്റ്റ്യാനോ പുറത്തേക്കുപോകുന്നതിനു മുമ്പ് റഫറിയെ പിന്നിൽനിന്ന് തള്ളുകയായിരുന്നു.
ആദ്യ മഞ്ഞക്കാര്‍ഡ് ഗോള്‍ നേടിയശേഷം ജഴ്സിയൂരിയതിനായിരുന്നു. ആദ്യ മഞ്ഞകാര്‍ഡ് കണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞ് അടുത്ത മഞ്ഞക്കാര്‍ഡും റൊണാള്‍ഡോ വാങ്ങിച്ചെടുത്തു. ബാഴ്സ പ്രതിരോധതാരം സാമുവല്‍ ഉംതിതി ഫൗൾ ചെയ്തതായി അഭിനയിച്ച് ബോക്സിലേക്ക് ഡൈവ് ചെയ്തതിനാണ് രണ്ടാം മഞ്ഞയും മാര്‍ച്ചിംഗ് ഓര്‍ഡറും ലഭിച്ചത്.
ഇതിന്റെ അമര്‍ഷത്തില്‍ റൊണാള്‍ഡോ റഫറിയെ തള്ളുകയായിരുന്നു. ക്രിസ്റ്റ്യാനോ മത്സരത്തിൽ 24 മിനിറ്റു നേരെ മാത്രമാണ് കളത്തിലുണ്ടായിരുന്നത്. ഇതിനിടെ ഗംഭീര ഗോൾ നേടി ബാഴ്സയുടെ അന്ത്യം കുറിച്ചിരുന്നു. കരീം ബെന്‍സമയ്ക്കു പകരക്കാരനായി 58 ാം മിനിറ്റിലാണ് റൊണാള്‍ഡോ കളത്തിലെത്തിയത്.