മാഡ്രിഡ്: ലോകമെമ്പാടമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ് പാരി സാന്‍ ഷെര്മയിനെ തോല്‍പ്പിച്ചു റയല്‍ മാഡ്രിഡിനു മിന്നും ജയം. ഒരു ഗോളിനു പിന്നില്‍നിന്ന റയല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ സ്വന്തം സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന ആദ്യപാദ പ്രീക്വാർട്ടറില്‍ 3-1ന്റെ ഗംഭീര വിജയം സ്വന്തമാക്കി. റയലിന്റെ ഒരു ഗോള്‍ മാഴ്സലോയുടെ വകയായിരുന്നു. പിഎസ്ജിയുടെ അഡ്രിയാന്‍ റാബിയറ്റാണ് മത്സരത്തില്‍ ഗോളടിക്കു തുടക്കമിട്ടത്. എവേ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതിൽ പിഎസ്ജിക്ക് ആശ്വസിക്കാം.
ബാഴ്സലോണ വിട്ടു പിഎസ്ജിയിലെത്തിയ നെയ്മറും റയലിന്റെ സൂപ്പര്‍താരം റൊണാള്‍ഡോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ഫുട്ബോള്‍ ആരാധകര്‍. അതുകൊണ്ടു തന്നെ കളി വാശിയേറിയതായിരുന്നു. എന്നാല്‍, ആദ്യ പോരാട്ടത്തില്‍ ജയം രണ്ടു ഗോള്‍ നേടിയ റൊണാള്ഡോയ്ക്കൊപ്പംനിന്നു. ഒരു ഗോളിനു അവസരമൊക്കി നെയ്മര്‍ പരാജയം സമ്മതിച്ച് രണ്ടാം പാദത്തില്‍ പാരീസില്‍ കാണാമെന്ന ഉറപ്പോടെ കളിക്കളം വിട്ടു. ഇതിനിടെ റയലിന്റെ നാച്ചോയെ പിറകില്‍ നിന്നു വീഴ്ത്തിയതിനു നെയ്്മര്ക്കു മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ഈ ജയം ലാ ലിഗയില്‍ മോശം ഫോമിലുള്ള റയലിന് ആശ്വാസമായി. ഒപ്പം പരിശീലകന് സിനദിന്‍ സിദാന് പിഎസ്ജിക്കെതിരേ നേടിയ ജയത്തോടെ തന്റെ സ്ഥാനം അത്രവേഗം ഇളക്കാനാവില്ലെന്ന് തെളിയിക്കാനുമായി. പിഎസ്ജിക്കെതിരേ സ്വന്തം ഗ്രൗണ്ടിലെ മത്സരം സിദാന് ഒരു പരീക്ഷണം തന്നെയായിരുന്നു. ഈ മത്സരത്തിന്റെ ഫലം മറിച്ചായിരുന്നെങ്കില്‍ സിദാനെതിരേ ആരാധകര്‍ തിരിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ ആ പരീക്ഷണം ജയിച്ച മുന്‍ ഫ്രഞ്ച് താരം ഇരിപ്പിടം തത്കാലം ഭദ്രമാക്കി. ലാ ലിഗയില്‍ നിലവില്‍ റയല്‍ മൂന്നാം സ്ഥാനത്താണ്. കിംഗ്സ് കപ്പിലും ക്ലബ് ഫൈനലിലെത്തിയില്ല. ഏകപ്രതീക്ഷ ചാമ്പ്യന്‍സ് ലീഗിലാണ്.
മത്സരത്തിന്റെ തുടക്കം മുതലേ റയലിന്റെ മുന്നേറ്റമായിരുന്നു. റൊണാള്‍ഡോയും ടോണി ക്രൂസും പിഎസ്ജിയെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ , 33-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഗോളെത്തി. റയല്‍ ബോക്സിലേക്കു കടന്നെത്തി പന്ത് സ്വീകരിച്ച നെയ്മറുടെ കാലില്‍നിന്ന് പന്ത് ക്ലിയര്‍ ചെയ്യാനുള്ള നാച്ചോയുടെ ശ്രമം ചെന്നുവീണത് റാബിയട്ടിന്റെ കാലുകളില്‍. ഗോള്‍കീപ്പര്‍ കെയ്ലര് നവാസിനെ നിഷ്പ്രഭനാക്കി പന്ത് വലയില്‍.
ഒരു ഗോളടിച്ചതോടെ പിഎസ്ജി ലീഡിനായി ആക്രമണം ശക്തമാക്കി. കവാനിയുടെ ഷോട്ട് ചെറിയ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. കളി പകുതി സമയത്തോടടുത്തപ്പോള്‍ ബെന്‍സമയുടെ ഷോട്ട് അരേല മികച്ച രക്ഷപ്പെടുത്തലിലൂടെ തടഞ്ഞു. എന്നാല്‍, 45-ാം മിനിറ്റില്‍ ക്രൂസിനെ പിഎസ്ജിയുടെ ലോ സെല്‍സോ പിറകില്‍ നിന്നു വലിച്ചു വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റൊണാള്‍ഡോയ്ക്കു പിഴച്ചില്ല; പന്ത് വലയില്‍. ആദ്യ പകുതി 1-1ന് സമനില.
രണ്ടാം പകുതിയില്‍ പിഎസ്ജിയാണ് ആക്രമണത്തില്‍ മുന്നില്‍നിന്നത്. എംബാപ്പെയും റാബിയട്ടും നെയ്മറും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 79-ാം മിനിറ്റില്‍ റയല്‍ ഇസ്കോയെ മാറ്റി അസെന്‍സിയോ ഇറങ്ങിയതോടെ രണ്ടു ഗോള്‍വന്നു. 83-ാം മിനിറ്റില്‍ പിഎസ്ജിയുടെ ബോക്സിനു ഇടതുഭാഗത്തു നിന്നു അസെന്‍സിയോ നല്കിയ ക്രോസ് ഗോള്‍കീപ്പറുടെ കൈയില്‍തട്ടി ഉയർന്ന് പോസ്റ്റിനു തൊട്ടടുത്തുണ്ടായിരുന്ന റൊണാള്‍ഡോയുടെ മുട്ടില്‍ തട്ടി പന്ത് വലയിലെത്തി.
അവസാന നിമിഷം റയല്‍ ലീഡുയര്‍ത്തിയതോടെ പിഎസ്ജിയുടെ പ്രതീക്ഷയറ്റു. 86-ാം മിനിറ്റില്‍ സമാനമായ ക്രോസ് അസെന്സിയോയില്നിന്നു വീണ്ടും വന്നു. ഇത്തവണ മാഴ്സലോയുടെ വകയായിരുന്നു ഗോള്‍.